വടകരയിലെ നിയുക്ത എംപിയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പ്രകടനത്തിലും റോഡ് ഷോയിലും പങ്കെടുക്കരുതെന്ന് അറിയിച്ച് ലീഗ് നേതാവിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. പാനൂരിലാണ് ഷാഫി പറമ്പിലിന്റെ റോഡ് ഷോയും പ്രകടനവും.
കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റിയാണ് പാനൂരില്‍ ഇന്ന് സ്വീകരണം ഒരുക്കിയിട്ടുള്ളത്. പരിപാടിയില്‍ വനിത ലീഗ് പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്നും എന്നാല്‍ റോഡ് ഷോയിലും പ്രകടനത്തിലും വനിത പ്രവര്‍ത്തകര്‍ പങ്കെടുക്കേണ്ടതില്ലെന്നുമാണ് കൂത്തുപറമ്പ് മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി ഷാഹുല്‍ ഹമീദിന്റെ പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
അടുക്കും ചിട്ടയുമുള്ള ആഘോഷം മതി. ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതി. ആവേശത്തിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നും വനിത പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശിക്കുന്ന ശബ്ദ സന്ദേശത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ വനിതകളുടെ ആവേശം ലീഗ് പ്രവര്‍ത്തകര്‍ക്ക് പാടില്ലെന്നും നിര്‍ദ്ദേശിക്കുന്നു. അനുഭവങ്ങളുടെ വെളിച്ചത്തിലാണ് തന്റെ നിര്‍ദ്ദേശമെന്നും ഷാഹുല്‍ ഹമീദിന്റെ ഓഡിയോ സന്ദേശത്തില്‍ പറയുന്നുണ്ട്.
Post a Comment