Join News @ Iritty Whats App Group

അവിടെ അയാൾ ഒറ്റക്കായിരുന്നു, ഒടുവിൽ മരണം തേടിയെത്തി; കന്ദസാമിക്ക് ശേഷം മീനാക്ഷിപുരത്ത് ഇനി മനുഷ്യരില്ല


കാലാവസ്ഥാ വ്യതിയാനം മുമ്പെങ്ങുമില്ലാത്തവിധം നമ്മെ ബാധിച്ചിരിക്കുകയാണ്. കടുത്ത ചൂട്, കനത്ത മഴ, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങി പല അവസ്ഥകളെയും മനുഷ്യർ‌ അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തെല്ലായിടത്തും ഇതൊക്കെ തന്നെ സ്ഥിതി. പല കാരണങ്ങൾ കൊണ്ടും പല കാലങ്ങളിലും മനുഷ്യർക്ക് തങ്ങൾ‌ ജനിച്ചു വളർന്ന നാടും വീടും വിട്ട് ഓടിപ്പോകേണ്ടി വന്നിട്ടുണ്ട്. അത് തന്നെയാണ് തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം എന്ന ​ഗ്രാമത്തിലും സംഭവിച്ചത്. 

മീനാക്ഷിപുരത്തിന് ഇന്ന് മറ്റൊരു പേര് കൂടിയുണ്ട് -ആളില്ലാ​ഗ്രാമം. അതേ, അവിടെയുണ്ടായിരുന്ന മനുഷ്യരൊക്കെ അതിജീവിക്കാനാകാതെ അവിടം വിട്ട് പോയവരാണ്. എന്നാൽ, ഒരാഴ്ച മുമ്പ് വരെ അതൊരു ആളില്ലാ​ഗ്രാമമായിരുന്നില്ല. ഒരാളുണ്ടായിരുന്നു അവിടെ. പേര് കന്ദസാമി നായ്ക്കർ. ​ഗ്രാമമുപേക്ഷിച്ച് എല്ലാവരും പോയപ്പോഴും കന്ദസാമിയെന്ന 75 -കാരൻ ആ ​ഗ്രാമത്തിൽ തന്നെ തുടർന്നു. അയാൾ മരണം വരെ അവിടെ ജീവിക്കാനാ​ഗ്രഹിച്ചു. മരിച്ചാൽ അവിടെത്തന്നെ അടക്കപ്പെടാനും. 

2001-ലെ സെന്‍സസ് പ്രകാരം തൂത്തുക്കുടി സെക്കരക്കുടി പഞ്ചായത്തിലെ മീനാക്ഷിപുരത്ത് 1296 പേരാണ് താമസിച്ചിരുന്നത്. എന്നാൽ, കടുത്ത ജലക്ഷാമം ഈ നാട്ടുകാരെ അലട്ടി. കൃഷിക്ക് പോയിട്ട് കുടിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥ. വയലുകൾ തരിശായിക്കിടന്നു. കുടിവെള്ളം ശേഖരിക്കാൻ തന്നെ നാട്ടുകാർക്ക് നാലും അഞ്ചും കിലോമീറ്റർ താണ്ടേണ്ടി വന്നു. ഒടുവിൽ, പയ്യെപ്പയ്യെ ഓരോരുത്തരായി ​ഗ്രാമം വിട്ടുപോയി.  

എന്നാൽ, കന്ദസാമി മാത്രം ​ഗ്രാമം വിട്ടുപോകാൻ തയ്യാറായിരുന്നില്ല. പോയവരെല്ലാം എന്നെങ്കിലും തിരികെ വരുമെന്നാണ് അയാൾ കരുതിയിരുന്നത്. പഴയ നാളുകൾ തിരികെ വരുമെന്നും അയാൾ പ്രതീക്ഷിച്ചു. ആദ്യം മക്കൾ അയാൾക്കൊപ്പം തന്നെ നിന്നു. എന്നാൽ, പിന്നീട് അവരും ആ നാട് വിട്ടു. കന്ദസാമിയെ കാണാൻ അവർ ഇടയ്ക്ക് വരും. ചിലപ്പോൾ കുറച്ച് ദിവസം കന്ദസാമി അവർക്കൊപ്പം പോയി നിൽക്കും. 20 വർഷം മുമ്പാണ് കന്ദസാമിയുടെ ഭാര്യ മരിച്ചത്. 

പക്ഷേ, അയാളുടെ സ്ഥിരതാമസം മീനാക്ഷിപുരത്ത് തന്നെയായിരുന്നു. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കന്ദസാമിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. കന്ദസാമിയുടെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഒരിക്കൽ മീനാക്ഷിപുരത്ത് കഴിഞ്ഞിരുന്നവരെല്ലാമെത്തി. സംസ്കരിച്ച ശേഷം അവരെല്ലാം മടങ്ങിപ്പോവുകയും ചെയ്തു. അതോടെയാണ് മീനാക്ഷിപുരം ആളില്ലാ​ഗ്രാമമായി മാറിയത്.

Post a Comment

Previous Post Next Post
Join Our Whats App Group