Join News @ Iritty Whats App Group

പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന് എം വി ജയരാജന്‍

സോഷ്യല്‍ മീഡിയയിലെ സൈബര്‍ പേജുകളെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ കാരണമായി വിമര്‍ശിച്ചത് വിവാദമായതിന് പിന്നാലെയാണ് വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി എം വി ജയരാജന്‍ രംഗത്തെത്തിയത്.


പോരാളി ഷാജി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കോണ്‍ഗ്രസുകാര്‍ ഇടതുഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറിയെന്ന് എം വി ജയരാജന്‍ ആരോപിച്ചു.

സോഷ്യല്‍ മീഡിയയിലെ സൈബര്‍ പേജുകളെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ കാരണമായി വിമര്‍ശിച്ചത് വിവാദമായതിന് പിന്നാലെയാണ് വിഷയത്തില്‍ വീണ്ടും വിശദീകരണവുമായി എം വി ജയരാജന്‍ രംഗത്തെത്തിയത്. ഇടതുപേജുകളുടെ പേരുകളില്‍ വരുന്ന പോസ്റ്റുകള്‍ പൂര്‍ണമായും ശരിയാണോ എന്ന് പരിശോധിക്കണമെന്ന് മാത്രമാണ് താന്‍ കഴിഞ്ഞ ദിവസം പ്രസംഗത്തില്‍ സൂചിപ്പിച്ചതെന്ന് എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാജ പ്രൊഫൈലും, നുഴഞ്ഞുകയറ്റവും കരുതിയിരിക്കാനാണ് താന്‍ നിര്‍ദേശം നല്‍കിയതെന്ന് എം വി ജയരാജന്‍ പറഞ്ഞു. പോരാളി ഷാജിയുടെ പേരില്‍ പല പ്രൊഫൈലുകളാണുള്ളത്. പോരാളി ഷാജി ആരാണെന്നറിയില്ല. യഥാര്‍ഥ ഇടത് അനുകൂല ഗ്രൂപ്പ് അഡ്മിന്‍ ധൈര്യസമേതം സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തണം. ഇടത് പേരുള്ള വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വ്യക്തിഹത്യ ഉള്‍പ്പെടെ നടത്തുകയാണ്. ഇടതുവിരുദ്ധ നവമാധ്യമ പ്രചാരണത്തിനെതിരെ ജാഗ്രത വേണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ പ്രതികരണത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും എം വി ജയരാജന്‍ പറഞ്ഞു.

ചെങ്കതിര്‍, പോരാളി ഷാജി, ചെമ്പട എന്നിങ്ങനെയുള്ള ഇടതുപേജുകളില്‍ വരുന്നവ പൂര്‍ണമായും ശരിയാണോ എന്ന് പരിശോധിക്കണം എന്ന് മാത്രമാണ് താന്‍ പറഞ്ഞത്. അവയില്‍ ഇടതുവിരുദ്ധമായ പോസ്റ്റുകള്‍ കണ്ടാല്‍ അത് ഇടതുവിരുദ്ധമായ ഇടത്തുനിന്നാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group