അനുദിനം ആളുകൾ തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. പണമിടപാടായാലും ഫോണിലെ വിവരങ്ങൾ ചോർത്തുന്നതിനായാലും നിരവധി തട്ടിപ്പ് വീരന്മാർ അരങ്ങു വാഴുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്. ഇപ്പോഴിതാ വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ട് നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് കേരളാ പോലീസ്. മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരേ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് പോലീസ് മുന്നോട്ട് വയ്ക്കുന്നത്. വിശദാംശങ്ങൾ ഉൾപ്പെടുത്തി ഫേസ്ബുക്ക് കുറിപ്പ് കേരളാ പോലീസ് പങ്കുവച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
മോട്ടോർ വാഹനവകുപ്പിന്റെ ‘പരിവാഹൻ’ സംവിധാനത്തിന്റെ മറവിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം. വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമിട്ടാണ് ഈ തട്ടിപ്പ് നടക്കുന്നത്.
നിങ്ങളുടെ വാഹനം ഉൾപ്പെട്ട ഗതാഗത നിയമ ലംഘനത്തെക്കുറിച്ച് നിങ്ങൾക്ക് വാട്ട്സാപ്പിൽ സന്ദേശം ലഭിക്കും. ഈ സന്ദേശത്തിൽ ഒരു .എപികെ ഫയൽ ഉണ്ടായിരിക്കും. ഈ .എപികെ ഫയൽ ഇൻസ്റ്റാൾ ചെയ്യാൻ തട്ടിപ്പുകാർ സന്ദേശത്തിലൂടെ നിങ്ങളോട് ആവശ്യപ്പെടുന്നു.
ഇൻസ്റ്റാൾ ചെയ്യുമ്പോൾ എസ്എംഎസ് അനുമതികൾ നൽകാനും അവർ നിങ്ങളോട് ആവശ്യപ്പെടും. ഈ അനുമതി നല്കുന്നതോടെ ഒടിപി സ്വയം ആക്സസ് ചെയ്യാനും അവ ഉപയോഗിച്ച് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർക്ക് കഴിയും. അതിനാൽ ഇത്തരം സന്ദേശങ്ങൾ അവഗണിക്കുക. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെടുക.
Post a Comment