Join News @ Iritty Whats App Group

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത് ; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കോര്‍ഡിനേറ്റര്‍ കൈപ്പറ്റിയത് കോടികള്‍ ; ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ടെലിഗ്രാം വഴി



ന്യൂഡല്‍ഹി: ഹരിയാനയിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്കു മുഴുവന്‍ മാര്‍ക്കും ലഭിച്ചതിനു പുറമേ, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്. ഗുജറാത്തിലെ ഗോധ്രയിലുള്ള ഒരു പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) കോര്‍ഡിനേറ്റര്‍ കോടികള്‍ കൈപ്പറ്റിയെന്നും ബിഹാറില്‍ ടെലഗ്രാം ആപ്പ് മുഖേന ചോദ്യക്കടലാസ് ചോര്‍ന്നെന്നുമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്.

ഗോധ്ര തട്ടിപ്പില്‍ 12 വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ഉള്‍പ്പെട്ടതായും കോടികളുടെ സാമ്പത്തിക ഇടപാട് നടന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് വഡോദര പോലീസ് അറസ്റ്റ് ചെയ്ത തുഷാര്‍ ഭട്ട്, പരശുറാം റോയ് എന്നിവരുടെ അക്കൗണ്ടിലേക്കു 2.82 കോടി രൂപയുടെ ചെക്ക് ഇടപാടാണു നടന്നത്. പരശുറാമിന്റെ ഉടമസ്ഥതയിലുള്ള റോയ് ഓവര്‍സീസ് കമ്പനിയുടെ അക്കൗണ്ടിലേക്കു നാല് വിദ്യാര്‍ഥികള്‍ 66 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുമുണ്ട്. തുഷാറിന്റെയും പരശുറാമിന്റെയും പേരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ബ്ലാങ്ക് ചെക്കുകള്‍ നല്‍കി. ഗോധ്രയിലെ ജലറാം സ്‌കൂളിലുള്ള കേന്ദ്രത്തില്‍ പരീക്ഷയെഴുതിയവരാണു തട്ടിപ്പില്‍ ഉള്‍പ്പെട്ട 12 വിദ്യാര്‍ഥികള്‍.

നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ഗുജറാത്ത്, ബിഹാര്‍ സര്‍ക്കാരുകള്‍ക്കുമെതിരേ കോണ്‍ഗ്രസ് രംഗത്തുവന്നു. 1563 വിദ്യാര്‍ഥികള്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നു കോടതിയില്‍ ചൂണ്ടിക്കാട്ടിയ എന്‍.ടി.എ, തട്ടിപ്പ് മറച്ചുവയ്ക്കുകയായിരുന്നെന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ആരോപിച്ചു. മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശനപരീക്ഷകള്‍ സമയനഷ്ടത്തിന്റെ പേരില്‍ ഗ്രേസ് മാര്‍ക്ക് നല്‍കാവുന്ന വിഭാഗത്തിലുള്ളതല്ലെന്ന് എന്‍.ടി.എ. ഉദ്ധരിച്ച സുപ്രീം കോടതി വിധിയില്‍ത്തന്നെയുള്ളതും ഖേര ചൂണ്ടിക്കാട്ടി.

720-ല്‍ 580 മാര്‍ക്കിലേറെ നേടിയ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുക, നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്ക് നേടിയ വിദ്യാര്‍ഥികളുടെ പ്ലസ്ടു ഫലം ഒത്തുനോക്കുക, ശരാശരിയില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കേന്ദ്രങ്ങളിലെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുക, പരീക്ഷാകേന്ദ്രങ്ങള്‍ മാറിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്തുവിടുക എന്നീ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിച്ചു. ഗ്രേസ് മാര്‍ക്ക് നേടിയ 1563 വിദ്യാര്‍ഥികള്‍ക്കു പുനഃപരീക്ഷ നടത്താന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നെന്ന ആരോപണം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിഷേധിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group