ന്യൂഡല്‍ഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബിജെപിയുടെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ നീളുന്നു. നാളെ നടത്താന്‍ ആലോചിച്ചിട്ടുള്ള നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഒരു ദിവസത്തേക്ക് കൂടി നീട്ടിയേക്കും. ഇന്ന് 11 മണിക്ക് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചയിലേക്ക് എന്‍ഡിഎയുടെ യോഗം ചേരുന്നുണ്ട്. എന്‍ഡിഎയില്‍ അംഗമായ ടിഡിപിയും ജെഡിയുവും എല്‍ജെപിയുമെല്ലാം മന്ത്രിസ്ഥാനത്തിന് വേണ്ടിയുള്ള വാദം ഉന്നയിച്ചേക്കുമെന്നാണ് കരുതുന്നത്.
സുരേഷ്‌ഗോപിയുടെ പേരും മന്ത്രിസഭയിലേക്ക് പരിഗണനയിലുണ്ട്. അതേസമയം സിനിമ ഉള്‍പ്പെടെയുള്ള തിരക്കുകള്‍ ചൂണ്ടിക്കാട്ടി തനിക്ക് മന്ത്രിസ്ഥാനം വേണ്ടെന്നാണ് സുരേഷ്‌ഗോപി വ്യക്തമാക്കിയിട്ടുള്ളത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനെ രാജ്യസഭയിലേക്ക് പരിഗണിച്ചേക്കുമെന്നും വി.മുരളീധരന്‍ ദേശീയനേതൃത്വത്തിലേക്ക് പോയേക്കുമെന്നും സൂചനകളുണ്ട്. മന്ത്രിസഭയില്‍ പ്രാതിനിധ്യം തേടി ഘടകകക്ഷികളും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സ്പീക്കര്‍ സ്ഥാനവും ചില ഉപാധികളും ടിഡിപി ഉന്നയിച്ചിട്ടുണ്ട്. അതേസമയം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യത്തില്‍ നിന്നും അവര്‍ പിന്തിരിഞ്ഞിട്ടുണ്ട്. പകരം സംസ്ഥാനത്തിന്റെ വികസനത്തിന് കൂടുതല്‍ സാമ്പത്തീക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ, കൃഷി വകുപ്പുകളിലാണ് ജെഡിയുവിന് കണ്ണ്. ഒരു ക്യാബിനറ്റ് മന്ത്രിയെന്ന നിര്‍ദേശം ജെഡിയു തള്ളിയിട്ടുണ്ട്.
ഭക്ഷ്യവകുപ്പും പൊതുവിതരണവുമാണ് എല്‍ജെപി ചോദിക്കുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പാ് അഗ്നിവീര്‍ പദ്ധതിയില്‍ മാറ്റവും എല്‍ജെപിയും ജെഡിയുവും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ന് പഴയ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ ഉന്നയിക്കേണ്ട ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യന്‍ എന്‍ഡിഎയുടെ ഘടകകക്ഷികള്‍ പ്രത്യേകം പ്രത്യേകം യോഗം ചേര്‍ന്നിട്ടുണ്ട്.
നാളെ വൈകുന്നേരത്തോടെ മന്ത്രിസഭയെക്കുറിച്ചുള്ള ഏകദേശ ധാരണവരും. ബിജെപി മന്ത്രിമാരുടെ എണ്ണം കുറയാനും സാധ്യതയുണ്ട്. എന്നിരുന്നാലും കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന രാജ്‌നാഥ് സിംഗിനും ആര്‍എസ്എസ് പിന്തുണയുള്ള നിതിന്‍ ഗഡ്ക്കരിക്കും മന്ത്രിസഭയില്‍ സ്ഥാനം കിട്ടിയേക്കുമെന്നും സൂചനയുണ്ട്. ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില നരേന്ദ്രമോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും. മന്ത്രിമാരുടെ കാര്യത്തില്‍ ഏറെക്കുറെ ധാരണയാകുകയാണെങ്കില്‍ ഉടന്‍ തന്നെ രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശം ഉന്നയിക്കും. നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ ഒമ്പതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.
Post a Comment