'ദ ലാസ്റ്റ് ഓഫ് അസ്?' (The Last Of Us?) എന്ന സീരീസ് നിങ്ങൾ കണ്ടിട്ടുണ്ടോ? ആളുകളെ സോമ്പികളാക്കി മാറ്റുന്ന, ഫംഗസ് അണുബാധ മൂലമുണ്ടാകുന്ന മഹാമാരിയുടെ ഇരുപത് വർഷമാണ് സീരീസില്‍ അവതരിപ്പിക്കുന്നത്. എന്നാൽ ദി ലാസ്റ്റ് ഓഫ് അസിൽ കാണിച്ചിരിക്കുന്ന പകർച്ചവ്യാധി കേവലം ഒരു ഫാന്‍റസിയല്ലെന്നും ഫംഗസ് മനുഷ്യരാശിക്ക് ഒരു 'യഥാർത്ഥ ഭീഷണി' ആണെന്നും മുന്നറിയിപ്പു നൽകിയിരിക്കുകയാണ് മോളിക്യുലർ മൈക്രോബയോളജി, ഇമ്മ്യൂണോളജി, സാംക്രമിക രോഗങ്ങൾ എന്നിവയിൽ ഗവേഷണം നടത്തിവരുന്ന പ്രൊഫസർ അർതുറോ കാസഡെവാൾ.
തന്‍റെ ഏറ്റവും പുതിയ പുസ്തകമായ ' വാട്ട് ഇഫ് ഫംഗി വിന്‍?' (What If Fungi Win?) -ലാണ് പ്രൊഫസർ അർതുറോ ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. ഇപ്പോൾ, മനുഷ്യനെ സോമ്പിയാക്കാൻ കഴിയുന്ന ഒരു ഫംഗസും കണ്ടെത്തിയിട്ടില്ലെങ്കിലും കാലക്രമേണ കൂടുതൽ അപകടകരമായ പുതിയ ഫംഗസ് രോഗാണുക്കൾ ഉയർന്നു വരാൻ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം മാനവരാശിക്ക് പുതിയ ഫംഗസ് രോഗങ്ങൾ സംഭാവന ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഫംഗസ് അല്ലെങ്കിൽ ഫംഗസ് ജീവികൾക്ക് ഉയർന്ന താപനിലയുമായി പൊരുത്തപ്പെടാൻ മാത്രമേ കഴിയൂ. നിലവില്‍ 37 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയില്‍ അതിജീവിക്കാന്‍ മിക്ക ജീവികൾക്കും കഴിയില്ല. എന്നാൽ ഈ പരിധി ലംഘിക്കാൻ ഫംഗസുകള്‍ക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. അവിശ്വസനീയമായ വിധത്തിൽ മനുഷ്യനെ ദോഷകരമായി ബാധിക്കുന്ന പുതിയ രോഗങ്ങൾ പടർത്താൻ ചില ഫംഗസുകൾക്ക് ശേഷിയുണ്ടെന്നതിന് തെളിവുകൾ വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2007-ൽ ജപ്പാനിലെ ഒരു വ്യക്തിയുടെ ചെവിയിൽ കാന്‍ഡിഡ ഔറിസ് (Candida auris) എന്ന ഫംഗസ് കണ്ടെത്തിയതിനെ തുടർന്ന് ഫംഗസ് രൂപാന്തരപ്പെടുന്നതിന്‍റെ തെളിവുകൾ പ്രൊഫസർ തന്‍റെ പുതിയ പുസ്തകമായ വാട്ട് ഇഫ് ഫംഗി വിന്നിൽ വിവരിക്കുന്നു. ഈ ഫംഗസ് പിന്നീട് ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 2007 -ൽ ജപ്പാനിലെ ഒരു വ്യക്തിയുടെ ചെവിയിൽ നിന്ന് കണ്ടെടുക്കുന്നത് വരെ കാന്‍ഡിഡ ഔറിസ് വൈദ്യശാസ്ത്രത്തിന് അജ്ഞാതമായിരുന്നു. സമാനമായ രീതിയിൽ മാനവരാശിയെ നശിപ്പിക്കാൻ ശേഷിയുള്ള അജ്ഞാതരായ ശത്രുക്കൾ ഇനിയും ഒളിഞ്ഞിരിപ്പുണ്ടാകാമെന്നാണ് ഇദ്ദേഹം തന്‍റെ പുസ്തകത്തില്‍ അവകാശപ്പെടുന്നത്.
Post a Comment