ഹോട്ടൽ മാലിന്യ ടാങ്കിൽ 2 തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിന്റെ പ്രവർത്തന ലൈസൻസ് റദ്ദാക്കും. ഹോട്ടല്‍ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. അതേസമയം സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഫോറൻസിക് വിഭാഗം ടാങ്കിലെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് ഇന്നലെ വൈകിട്ട് മാലിന്യ ടാങ്കുകളിൽ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഒക്സിജൻ മാസ്ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന തൊഴിലാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു. ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment