Join News @ Iritty Whats App Group

ടി പി വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് പരോൾ; ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ കെ രമ


കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് പരോൾ. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കിർമാണി മനോജ്, ഷാഫി ഉൾപ്പെടെയുളളവർക്കാണ് പരോൾ. ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ കെ രമ എംഎൽഎ ആരോപിച്ചു. ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നാണ് ജയിൽ വകുപ്പ് വിശദീകരണം.

ടി പി കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ ജയിലിൽ കഴിയുന്ന പതിനൊന്ന് പേരിൽ അഞ്ച് കുറ്റവാളികൾക്കാണ് പരോൾ. രണ്ടാം പ്രതി കിർമാണി മനോജ്, നാലാം പ്രതി രജീഷ്, അഞ്ചാം പ്രതി മുഹമ്മദ് ഷാഫി, ആറാം പ്രതി സിജിത്ത്, ഏഴാം പ്രതി സിനോജ് എന്നിവർ വെളളിയാഴ്ച പുറത്തിറങ്ങി. ജയിൽ ഉപദേശക സമിതി ഇവരുടെ അപേക്ഷ മാർച്ചിൽ അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുറത്തിറങ്ങാനായില്ല. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് പരോളിൽ ഇറങ്ങിയത്. കൊടി സുനി, എം സി അനൂപ് തുടങ്ങിയവർക്ക് പരോളില്ല. 

ജയിൽ ചട്ടങ്ങൾക്ക് അനുസരിച്ചാണ് അപേക്ഷ അംഗീകരിച്ചതെന്ന് ജയിൽ വകുപ്പ് പറയുന്നു. വർഷം 60 ദിവസം പരോളിന് കുറ്റവാളികൾക്ക് അർഹതയുണ്ട്. നൂറോളം തടവുകാർക്ക് ഇവർക്കൊപ്പം പരോൾ നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു. ഇടത് സർക്കാർ വന്ന ശേഷം ടിപി കേസിലെ കുറ്റവാളികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്ന ആക്ഷേപമുയർന്നിരുന്നു. 2016ന് ശേഷം കേസിലെ മുഴുവൻ കുറ്റവാളികൾക്കുമായി 2000ൽ അധികം ദിവസം പരോൾ നൽകിയെന്ന് നിയമസഭയിൽ മുഖ്യമന്ത്രി മറുപടിയും നൽകി. അഞ്ച് പേർക്ക് ഇക്കുറി ഒന്നിച്ച് പരോൾ നൽകിയതിലും ആനുകൂല്യം വ്യക്തമെന്ന് കെ കെ രമ പ്രതികരിച്ചു.

കേസിലെ ആറ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ഇരട്ട ജീവപര്യന്തമായി ഉയർത്തിയിരുന്നു. രണ്ട് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group