ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തന്റെ പ്രവചനങ്ങള്‍ തെറ്റായിരുന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തെരഞ്ഞെടുപ്പിന് മുമ്പുള്ള തന്റെ വിലയിരുത്തലുകളില്‍ പിഴവ് സംഭവിച്ചെന്നും അദ്ദേഹം സമ്മതിച്ചു.
2019 ലെ തെരഞ്ഞെടുപ്പ് പോലെതന്നെ സമാനമായ പ്രകടനം ബിജെപി ആവര്‍ത്തിക്കുമെന്നും ഏകദേശം 300 സീറ്റുകള്‍ നേടിയെടുക്കുമെന്നായിരുന്നു പ്രശാന്ത് കിഷോര്‍ പ്രവചിച്ചത്.
‘അബ് കി ബാര്‍ ചാര് സൗ പാര്’ ഇക്കൊല്ലം നാനൂറിനും മുകളിൽ എന്നായിരുന്നു തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ആപ്തവാക്യം. ബിജെപി 400 സീറ്റുകള്‍ നേടുമെന്നത് ഒരിക്കലും നടക്കില്ലെന്നും അതൊരു പാര്‍ട്ടി മുദ്രാവാക്യം മാത്രമാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞെങ്കിലും മുന്നൂറ് സീറ്റുകൾ നേടുമെന്ന പ്രവചനത്തിൽ അദ്ദേഹം ഉറച്ച് നിൽക്കുകയും ചെയ്തു.
എന്നാല്‍ ഫലത്തിൽ 2019-ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ചതിനേക്കാൾ കുറവ് വോട്ടും 240 ലോക്സഭാ സീറ്റുകളും മാത്രമെ ഇത്തവണ നേടാന്‍ സാധിച്ചുള്ളു.
സഖ്യകക്ഷികളുടെ കൂടി സഹായത്തോടെയാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത്. 543 അംഗ ലോക്സഭയില്‍ 272 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. എന്‍ഡിഎക്ക് 292 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്.
അതേസമയം, രാജ്യത്ത് ഭാവിയിലെ തെരഞ്ഞെടുപ്പുകളില്‍ കണക്കുകള്‍ പ്രവചിക്കുന്നത് തുടരില്ലന്നും സീറ്റുകളുടെ എണ്ണത്തിലേക്ക് താന്‍ ഇനികൈകടക്കില്ലന്നും പ്രശാന്ത് പറഞ്ഞു. ഒരു തന്ത്രജ്ഞന്‍ എന്ന നിലയില്‍ ഞാന്‍ സംഖ്യകള്‍ പറയാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment