Join News @ Iritty Whats App Group

‘എല്ലാം എന്റെ തെറ്റ്’; ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിച്ചു: കെ മുരളീധരന്‍

തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ പ്രതികരിച്ച് കെ മുരളീധരന്‍. താൻ തന്നെയാണ് തെറ്റ് ചെയ്തത്. ജയിക്കുമായിരുന്ന സിറ്റിംഗ് സീറ്റ് വിട്ട് മറ്റൊരു സീറ്റില്‍ മത്സരിച്ചു. അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നു. ഒന്നിനെക്കുറിച്ചും താൻ പരാതി പറഞ്ഞിട്ടില്ല. പരാതിപറഞ്ഞിട്ടെന്താണ് കാര്യമെന്നും കെ മുരളീധരൻ ചോദിച്ചു. അതേസമയം ഡൽഹി സന്ദർശനത്തിൽ മറ്റ് അജണ്ടകളില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

ക്രിസ്ത്യന്‍ വോട്ടില്‍ വിള്ളല്‍ വീണത് തൃശൂരില്‍ മാത്രമാണെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു. ഇടുക്കിയിലും വയനാട്ടിലും വൻ ജയമാണ് കിട്ടിയത്. കഴിഞ്ഞ അഞ്ച് വര്‍ഷം സുരേഷ് ഗോപി തൃശൂരില്‍ നടത്തിയ ഇടപെടല്‍ മനസ്സിലാക്കുന്നതിൽ വീഴ്ചപറ്റി. സംഘടനയ്ക്കും വ്യക്തികള്‍ക്കും അതിന് സാധിച്ചില്ല. അതേസമയം അടുത്ത ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകില്ലെന്നും എംപി അല്ലാത്തതിനാല്‍ ഇനി ഡല്‍ഹിക്ക് വരേണ്ടല്ലോ എന്നും കെ മുരളീധരൻ പറഞ്ഞു.

പ്രവര്‍ത്തന കേന്ദ്രം ഇനി കേരളമാണെന്നും കേരളം കേന്ദ്രീകരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി. പഞ്ചായത്ത് തിരഞ്ഞെടുപ്പോടെ രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകും. നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് വര്‍ഷം ബാക്കിയുണ്ടല്ലോ. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാനില്ല എന്ന സൂചനയും മുരളീധരന്‍ നല്‍കി.

Post a Comment

Previous Post Next Post
Join Our Whats App Group