കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ പരാതി കിട്ടുന്ന മുറയ്ക്ക് കേരള പോലീസിന് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി. ഇതോടെ സംഭവത്തില്‍ കൂടുതല്‍ പിടിമുറക്കാനൊരുങ്ങി പോലീസ്. കേസ് ഇതുവരെ ഏറ്റെടുക്കാത്ത സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടരാമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ഉത്തരവിട്ടത്.
സിബിഐ ഈ കേസ് ഏറ്റെടുക്കുന്നതു വരെയാണ് പൊലീസ് അന്വേഷണം തുടരാന്‍ ഉത്തരവ്. കേസില്‍ മറുപടി സമര്‍പ്പിക്കാന്‍ സിബിഐ സമയം തേടി. സിബിഐ ഈ കേസ് ഏറ്റെടുത്തതായോ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായോ ഉള്ള രേഖകളൊന്നും കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ അന്വേഷണം എവിടെയും എത്താതെ പോകാന്‍ പാടില്ല. അതുകൊണ്ട് പരാതികള്‍ കിട്ടുന്ന മുറയ്ക്ക് അവ റജിസ്റ്റര്‍ ചെയ്ത് പോലീസിന് അന്വേഷണം ആരംഭിക്കാമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. കേസ് ഇതുവരെ അന്വേഷിച്ചിരിക്കുന്നത് ചേര്‍പ്പ് പോലീസാണ്.
2024 ഏപ്രില്‍ എട്ടിനാണ് ഹൈറിച്ച് കമ്പനിക്കെതിരായ സാമ്പത്തിക തട്ടിപ്പു കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഹൈറിച്ച് ഉടമകളായ കെ.ഡി.പ്രതാപന്, ഭാര്യ ശ്രീന എന്നിവര്‍ ചേര്‍ന്ന് നടത്തിയത് കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പായിരുന്നു.
കേസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും(ഇഡി) അന്വേഷിക്കുന്നുണ്ട്. ക്രിപ്റ്റോകറന്‍സി വഴി 1000 കോടി രൂപയിലേറെ വിദേശത്തേക്ക് കടത്തിയതായും കണ്ടെത്തിയിരുന്നു. ഇതാണ് ഇഡി അന്വേഷിക്കുന്നത്. എന്നാല്‍ ഇഡി റെയ്ഡിനെത്തുന്ന വിവരങ്ങള്‍ അടക്കം പ്രതികള്‍ക്ക് ചോര്‍ന്നു കിട്ടിയ സാഹചര്യത്തില്‍ അതീവ രഹസ്യമായാണ് കേസ് സിബിഐക്ക് വിടാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടപ്പാക്കിയത്.
പിന്നാലെ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി ബന്ധപ്പെട്ട പെര്‍ഫോമ റിപ്പോര്‍ട്ട് അടിയന്തരമായി കേന്ദ്രത്തിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നു മാസം കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ വിജ്ഞാപനം പുറത്തുവന്നില്ല. കേസില്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നതിനാല്‍ സാമ്പത്തിക തട്ടിപ്പു കേസില്‍ മറ്റൊരു കേന്ദ്ര ഏജന്‍സി കൂടി അന്വേഷിക്കേണ്ടതുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നതിനാലാണ് ഇതെന്ന വാര്‍ത്തകളും പുറത്തുവരുകയുണ്ടായി.
ഇതിനിടെ ഹൈറിച്ച് കമ്പനിയുടെ 260 കോടി രൂപയാണ് ഇഡി മരവിപ്പിച്ചത്. വിവിധ സാമ്പത്തിക തട്ടിപ്പുകളില്‍ 20 ഓളം കേസുകള്‍ കമ്പനിക്കെതിരെ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 3141 കോടിയിലേറെ രൂപയാണ് പ്രതികള്‍ സമാഹരിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
തങ്ങള്‍ക്കെതിരേ പുതിയ കേസുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കരുതെന്നും തങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് കമ്പനി ഉടമകള്‍ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചത്. ഇത് കോടതി തള്ളി.
Post a Comment