Join News @ Iritty Whats App Group

'ആദ്യം നികുതി അടക്കണം... പിന്നെ റോഡും നന്നാക്കണം'; ബെംഗളൂരുവിൽ റോഡ് വൃത്തിയാക്കുന്ന ടെക്കികളുടെ വീഡിയോ വൈറൽ

മഴ തുടങ്ങിയതിന് പിന്നാലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകളെല്ലാം പൊട്ടിപൊളിഞ്ഞാണ് കിടപ്പ്. മഴ തുടങ്ങിയതോടെ റോഡിലെ കുഴികളുടെ എണ്ണവും ആഴവും വലിപ്പവും കൂടി. പരാതി പറഞ്ഞ് ജനം മടുത്തു. പരാതികള്‍ കൂടുമ്പോള്‍ പേരിന് മന്ത്രിയുടെ വക ഒരു സന്ദര്‍ശനവും തൊഴിലാളികളെ ഞെട്ടിക്കലും ഉണ്ടാകും. കഴിഞ്ഞു, വീണ്ടും എല്ലാം പഴയ പടി. എന്നാല്‍ ബധിരകര്‍ണ്ണങ്ങളില്‍ പരാതി പറഞ്ഞ് മടുത്ത ബെംഗളൂരുവിലെ താമസക്കാര്‍ ഒടുവില്‍ സ്വന്തം ചെലവില്‍ റോഡ് നന്നാക്കാനിറങ്ങി. ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വലിയ തോതിലുള്ള അഭിനന്ദനം ഏറ്റുവാങ്ങി. 

ബെംഗളൂരു നഗരത്തിലെ കടുബീസനഹള്ളിയെയും വർത്തൂരിനെയും ബന്ധിപ്പിക്കുന്ന റോഡ് അറ്റകുറ്റപ്പണിക്ക് ഇറങ്ങിയത് പ്രദേശത്ത് താമസിക്കുന്ന ഒരു കൂട്ടം ഐടി പ്രൊഫഷണലുകളും വിദ്യാർത്ഥികളും താമസക്കാരുമാണ്. റോഡിലെ അറ്റകുറ്റപണികള്‍ നടത്തുന്നതില്‍ ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പരാജയപ്പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ ശ്രമദാനം. റോഡ് നന്നാക്കാന്‍ ഫണ്ട് ഇല്ലെന്നാണ് ബിബിഎംപിയുടെ പരാതി. ഇതോടെയാണ് ജനം തെരുവിലിറങ്ങി റോഡ് നന്നാക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 


പ്രദേശവാസികള്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രശ്നം പരിഹരിക്കാന്‍ ബിബിഎംപിയോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ബിബിഎംപി ഒരു ക്ലീനിംഗ് മെഷ്യന്‍ മാത്രമാണ് അയച്ചത്. ഇതോടെയാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ റോഡ് വൃത്തിയാക്കല്‍ നടന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായപ്പോള്‍ ഒരു കാഴ്ചക്കാരനെഴുതിയത്, 'ജനങ്ങള്‍ ആദ്യം ബിബിഎംപിക്ക് പണം നൽകുന്നു, പിന്നെ ജനങ്ങള്‍ അവരുടെ ജോലി കൂടി ചെയ്യുന്നു.' എന്നായിരുന്നു. 'ഭരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഭവളരെ ദയനീയമാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ബ്രാൻഡ് ബെംഗളൂരു ഇങ്ങനെയാണ്. നികുതി അടച്ച് നിങ്ങളുടെ റോഡുകൾ വൃത്തിയാക്കുക.' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'ആളുകൾ നിങ്ങളുടെ ജോലി ചെയ്യുന്നുവെങ്കിൽ, അവർ എന്തിന് നികുതി നൽകണം? എന്നിട്ട് അവരുടെ ജോലി നിങ്ങള്‍ ചെയ്യുമോ?' അസ്വസ്ഥനായ മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group