തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തിൽ വയനാട്ടിൽ സിപിഐയും ഇടതുമുന്നണിയും മത്സരിക്കാതിരിക്കാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് സിപിഐ നേതാവ് ആനി രാജ. രാഹുൽ ഗാന്ധിക്കെതിരെ ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ആനി രാജയായിരുന്നു. പാര്‍ലമെൻ്ററി ജനാധിപത്യം അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഐയെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സിപിഐയും ഇടതുമുന്നണിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആനി രാജ വ്യക്തമാക്കി.
ഒന്നിലധികം മണ്ഡലത്തിൽ മത്സരിച്ചാൽ ഒരു സീറ്റ് ഒഴിയണമെന്നതാണ് നിലവിലെ ചട്ടമെന്ന് പറഞ്ഞ ആനി രാജ ആ നിലയിലാണ് രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതെന്ന വസ്തുത അംഗീകരിക്കുന്നുവെന്നും എന്നാൽ അദ്ദേഹത്തിനെതിരെയാ വിമര്‍ശനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പറഞ്ഞു. രാഹുൽ ഗാന്ധി തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നയാളല്ലെന്നും വളരെ ആലോചിച്ച് മാത്രം തീരുമാനമെടുക്കുന്നയാളാണെന്നും അവര്‍ പറഞ്ഞു. വയനാട്ടിൽ മത്സരിക്കുന്ന സമയത്ത് തന്നെ താൻ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ കാര്യം വയനാട് മണ്ഡലത്തിലെ ജനത്തോട് പറയാതിരുന്നത് നീതികേടാണെന്നാണ് താൻ വിമര്‍ശിച്ചതെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേസമയം തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് വരുന്ന പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയത്.
Post a Comment