നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് എക്‌സ്പയറി ഡേറ്റുണ്ടെന്ന കാര്യമറിയാമോ?. ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഫോക്‌സ് ന്യൂസാണ്. വില കുറഞ്ഞ ഫോണുകളുടെ എക്സ്പയറി ഡേറ്റ് ഒന്നോ രണ്ടോ വര്‍ഷം മാത്രമായിരിക്കുമെന്നും മിക്ക ഫോണുകളും മൂന്നും നാലും വര്‍ഷം വരെ പ്രവര്‍ത്തിക്കട്ടെ എന്ന രീതിയിലാണ് ഇറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എക്‌സ്പയറി ഡേറ്റ് കഴിഞ്ഞാല്‍ ഫോണ്‍ കേടാകുമെന്നല്ല മറിച്ച് കേടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സോഫ്‌റ്റ്വെയറാണ് ഇവിടെ മെയിന്‍. ഫോണിന്റെ എക്സ്പയറി ഡേറ്റ് എങ്ങനെ പരിശോധിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എക്സ്പയറി ഡേറ്റ് വരെയെങ്കിലും ഫോണിന്റെ ഹെല്‍ത്ത് എങ്ങനെ നിലനിര്‍ത്താം തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
ഫോണ്‍ നിര്‍മ്മിച്ച അന്നു മുതല്‍ അത് കേടാകാന്‍ ഉള്ള കൗണ്ട്ഡൗണ്‍ ആരംഭിക്കും. നിര്‍മ്മാണ തീയതി ലഭിച്ച പെട്ടിയില്‍ ഉണ്ടായിരിക്കും. അത് എറിഞ്ഞു കളഞ്ഞവര്‍ ഹാന്‍ഡ്സെറ്റിന്റെ സെറ്റിങ്സിലുള്ള 'എബൗട്ട്' ചെക്ക് ചെയ്താല്‍ നിര്‍മ്മാണ തീയതിയോ, സീരിയല്‍ നമ്പറോ ലഭിക്കും. മിക്ക ഫോണ്‍ നിര്‍മ്മാതാക്കളും നിര്‍മ്മാണ തിയതി ഈ സീരിയല്‍ നമ്പറില്‍ ഒളിപ്പിക്കുകയാണ് ചെയ്യുന്നത്. ലഭിച്ച സീരിയല്‍ നമ്പര്‍ https://nsdeep.info/en എന്ന വെബ്സൈറ്റ് ഉപയോഗിച്ച് പരിശോധിച്ചാല്‍ വിവരങ്ങള്‍ ലഭിക്കും. ചില ഫോണുകളില്‍ *#06# ഡയല്‍ ചെയ്താലും സീരിയല്‍ നമ്പര്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. https://endoflife.date/iphone എന്ന വെബ്‌സൈറ്റ് വഴി പരിശോധിച്ചാലും മതിയാകും. സെക്കന്‍ഡ് ഹാന്‍ഡായി എന്തെങ്കിലും വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനകരമായ വെബ്സൈറ്റാണിത്. ഒരു ഉപകരണത്തിന്റെ പ്രവര്‍ത്തന കാലാവധി തീരാറായെങ്കില്‍ അത് വാങ്ങിക്കാതിരിക്കുകയാണ് ഉചിതം.
കാലാവധി കഴിഞ്ഞത് ഉപയോഗിച്ചാല്‍ എന്ത് പറ്റും എന്ന് ചിന്തിക്കുന്നവര്‍ക്കായി, സുപ്രധാന സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ലഭിക്കില്ല എന്നതാണ് പ്രധാന പ്രശ്‌നം. സുരക്ഷാ അപ്ഡേറ്റും ലഭിക്കില്ല. ഹാക്കര്‍മാര്‍ക്ക് ഫോണിലേക്ക് എളുപ്പത്തിലെത്താനാകും. ബാങ്ക് അക്കൗണ്ടുകളും മറ്റും ഫോണ്‍ വഴി പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ഇത് പണിയാകും. അല്‍പ്പം ശ്രദ്ധിച്ചാല്‍ ഫോണ്‍ പല വര്‍ഷത്തേക്ക് സുഗമമായി പ്രവര്‍ത്തിപ്പിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സോഫ്റ്റ്വെയര്‍ അപേഡേറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുക, ബാറ്ററി മാറ്റുക, ബാറ്ററി കേടാകാതെ നോക്കുക, അനാവശ്യ ആപ്പുകളും ഡേറ്റയും ഡിലീറ്റ് ചെയ്യുക എന്നിവയാണ് ഇതിനായി ചെയ്യാനാകുക.
Post a Comment