Join News @ Iritty Whats App Group

ത്യാഗത്തിൻ്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ; ആഘോഷനിറവിൽ വിശ്വാസികൾ


ത്യാഗത്തിൻ്റേയും മാനവികതയുടേയും സന്ദേശം നൽകുന്ന ബലിപെരുന്നാൾ ഇന്ന്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ പെരുന്നാൾ ആഘോഷത്തിന്റെ നിറവിലാണ്. രാവിലെ പള്ളികളിൽ നിസ്‌കാരച്ചടങ്ങുകൾ നടന്നു. അതേസമയം പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംയുക്ത ഈദ് ഗാഹുകൾ ചിലയിടങ്ങളിൽ ഒഴിവാക്കി.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്‌മായിലിനെ അല്ലാഹുവിൻ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കലാണ് ബലിപെരുന്നാൾ. ആത്മസമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശമായ ബലിപെരുന്നാളിൽ തക്‌ബീറുകൾ ചൊല്ലി വിശ്വാസികൾ പ്രാർഥനകളിൽ സജീവമാകും. പെരുന്നാൾ നമസ്‌കാരാനന്തരം വിശ്വാസികൾ കൂട്ടായും ഒറ്റയ്ക്കും ബലികർമങ്ങളിൽ ഏർപ്പെടും.

സംസ്ഥാനത്ത് വിവിധ പള്ളികളിൽ രാവിലെ പ്രത്യേക പ്രാർഥനകൾ നടന്നു. തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന പ്രാർഥനയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. കടവന്ത്ര സലഫി ജസ്‌ജിദിലെ പെരുന്നാൾ നമസ്‌കാരത്തിൽ നടൻ മമ്മൂട്ടിയും പങ്കെടുത്തു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്നാൾ ആശംസകൾ നേർന്നു. പരസ്‌പര സ്നേഹത്തിൻ്റെയും ത്യാഗത്തിൻ്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് മുഖ്യമന്ത്രിപറഞ്ഞു. ഐക്യത്തിന്റെയും മതനിരപേക്ഷതയുടെയും നാടായി കേരളത്തെ നിലനിർത്താൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group