Join News @ Iritty Whats App Group

'വിവാദ കാഫിര്‍ പോസ്റ്റ് എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണം'; കെകെ ലതികയെ അറസ്റ്റ് ചെയ്യണമന്ന് കോൺഗ്രസ്


കോഴിക്കോട്: വിവാദമായ കാഫിര്‍ പോസ്റ്റില്‍ സിപിഎം നേതാവ് കെകെ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്. കാഫിര്‍ പോസ്റ്റ് നീക്കം ചെയ്താല്‍ മാത്രം പോരെന്നും എവിടെ നിന്ന് കിട്ടിയെന്ന് വ്യക്തമാക്കണമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കെകെ ലതികയെ പൊലീസ് അറസ്റ്റ് ചെയ്യണം. കെകെ ലതികക്കെതിരായ ശക്തമായ പ്രതിഷേധം തുടരുമെന്നും കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. 

വിവാദമായ കാഫിർ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും കെ കെ ലതിക നീക്കം ചെയ്തതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമാക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് രംഗത്തെത്തിയത്. പോസ്റ്റ് മുസ്ലിം ലീഗ് പ്രവർത്തകന്‍റേതല്ലെന്നും വ്യാജമാണോ എന്ന് പരിശോധിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ച ശേഷമാണ് ഇത് നീക്കിയത്. തെരഞ്ഞെടുപ്പിന് തലേന്നാണ് സിപിഎം സംസ്ഥാന സമിതി അംഗമായ കെകെ ലതിക കാഫിര്‍ പോസ്റ്റ് ഫേയ്സ്ബുക്ക് പേജിലിട്ടത്. എന്നാല്‍ ഇപ്പോള്‍ പോസ്റ്റ് കാണുന്നില്ല. പോസ്റ്റ് മറയ്ക്കുകയോ ഡിലിറ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടാകാമെന്നാണ് ഫേസ് ബൂക്കിന്‍റെ അറിയിപ്പ്.

കേസിലെ നിജസ്ഥിതി എന്തെന്ന് ഹൈക്കോടതിയെ പൊലീസ് ബോധിപ്പിച്ച് മണിക്കൂറുകൾക്കകം പോസ്റ്റ് അപ്രത്യക്ഷമായതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. വിവാദമായ കാഫിർ പോസ്റ്റിന് പിന്നിൽ സിപിഎം ആരോപിച്ചത് പോലെ മുസ്ലിം ലീഗ് പ്രവർത്തകനല്ലെന്നും അമ്പല മുക്ക് സഖാക്കൾ, പോരാളി ഷാജി തുടങ്ങിയ പേജുകളിലേക്ക് അന്വേഷണമെത്തിയതായും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോസ്റ്റ് ഷെയർ ചെയ്ത ലതികയെ അടക്കം 12 പേരെ ചോദ്യം ചെയ്തതായും പൊലീസ് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഇതേ പോസ്റ്റ് ഷെയർ ചെയ്ത കെ കെ ലതികയെ അറസ്റ്റ് ചെയ്ത് അന്വേഷിക്കണമെന്നായിരുന്നു യുഡിഎഫിന്‍റെ ആവശ്യം.

അന്വേഷണം വീണ്ടും തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ലതിക പോസ്റ്റ് മുക്കിയതെന്നാണ് യുഡിഎഫ് ആരോപണം. യുഡിഎഫ് പ്രവർത്തകനല്ല കേസിന് പിന്നിലെന്ന് പൊലിസ് വ്യക്തമാക്കിയതും അന്വേഷണത്തിനുള്ള ഹൈക്കോടതി നിർദ്ദേശവും വിനയാകുമെന്നാണ് സിപിഎമ്മിലെ വിലയിരുത്തൽ. വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യ കൂടിയായ മുൻഎംഎൽഎ കെ കെ ലതിക പ്രതികരിച്ചിട്ടില്ല. ഇതുവരെ എല്ലാവർക്കും കാണാമായിരുന്ന ഫേസ്ബുക്ക് പ്രൊഫൈൽ ലതിക ലോക്ക് ചെയ്തിട്ടുമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group