Join News @ Iritty Whats App Group

'നയിക്കാന്‍ നായകന്‍ വരട്ടെ' എന്ന് തലക്കെട്ട് ; മുരളീധരന് വേണ്ടി തിരുവനന്തപുരത്തും പോസ്റ്റര്‍


തിരുവനന്തപുരം: തൃശൂരിലെ കടുത്ത പരാജയത്തിന് പിന്നാലെ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് താത്കാലികമായി വിട്ടുനില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച കെ.മുരളീധരന് വേണ്ടി തിരുവനന്തപുരത്ത് പോസ്റ്റര്‍. മുരളീധരനെ തിരികെയെത്തിക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ കെപിസിസി - ഡിസിസി ഓഫീസുകള്‍ക്കു മുന്നിലും വട്ടിയൂര്‍കാവ് മണ്ഡലത്തിലെ പ്രദേശങ്ങളിലുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

'പാര്‍ട്ടിയെ നയിക്കാന്‍ മുരളീധരന്‍ എത്തണം' എന്നതാണ് പോസ്റ്ററിലെ ആവശ്യം. 'നയിക്കാന്‍ നായകന്‍ വരട്ടെ' എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് ഇല്ല എന്ന് നിലപാട് എടുത്തിരിക്കുന്ന കെ. മുരളീധരനെ അനുനയിപ്പിക്കാന്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലേക്ക് മുരളീധരനെ ദേശീയ നേതൃത്വം വിളിച്ചിട്ടുണ്ട്.

അതിനിടയില്‍ ഷാഫി പറമ്പില്‍ ഒഴിയുന്ന നിയമസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മുരളീധരനെ മത്സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ മുരളീധരനെ നിര്‍ത്തി ജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം സംസ്ഥാന നേതാക്കള്‍ക്കുണ്ട്. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ ജയിച്ചുകയറിയ വി.കെ. ശ്രീകണ്ഠനും മറ്റും മുരളീധരനുമായി കൂടിക്കാഴ്ച നടത്തിരുന്നു. ഒരു മണിക്കൂറോളം നേരമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. അടുത്ത തവണ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ കെ. മുരളീധരനെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group