കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുസ്ലിംലീഗിനെതിരായ നീക്കം മയപ്പെടുത്തി സമസ്തയിലെ ലീഗ് വിരുദ്ധ ചേരി. ഇടത് അനുകൂല നിലപാട് സ്വീകരിച്ചിട്ടും തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥികൾക്ക് മികച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിലാണ് പിന്മാറ്റമെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വോട്ടുചെയ്യാൻ പറഞ്ഞിട്ടില്ലെന്ന് സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം പ്രതികരിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനിടെ സമസ്തയിലെ ലീഗ് വിരുദ്ധർ ചേരി തിരിഞ്ഞ് നടത്തിയ നീക്കങ്ങൾ മുസ്ലിം ലീഗിനെ വിഷമവൃത്തത്തിലാക്കിയിരുന്നു. സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ വോട്ടുകൾ ഇടത് മുന്നണിക്ക് കിട്ടിയേക്കുമെന്ന ആശങ്ക ലീഗിന് ഉണ്ടായി. ഒളിഞ്ഞും തെളിഞ്ഞും തർക്കത്തിൽ ഇടപെടാൻ സിപിഎം ശ്രമിച്ചതും ആശങ്ക ഇരട്ടിയാക്കി. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷം നേടി. പൊന്നാനിയിൽ അബ്ദു സമദ് സമദാനിക്കെതിരെ ലീഗിൽ നിന്ന് പുറത്താക്കപ്പെട്ട കെ എസ് ഹംസ ആണ് മത്സരിച്ചത്. സമസ്ത നേതാക്കളുമായുള്ള ബന്ധം ഹംസയ്ക്ക് ഗുണം ചെയ്യുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. ഇതോടെയാണ് ലീഗ് വിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സമസ്തയിലെ ഒരു വിഭാഗം സൂചന നൽകിയത്.
അണികൾ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കണമെന്ന് സമസ്ത അധ്യക്ഷൻ നിർദേശിച്ചു. ലീഗ് സമസ്ത ഭിന്നതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ചേർന്ന മുശാവറയിലാണ് ഐക്യ ആഹ്വാനം. സുപ്രഭാതത്തിനെതിരായ വിവാദ പരാമർശത്തിൽ ബഹാവുദ്ദീൻ നദ് വിക്ക് സമസ്ത നേതൃത്വം താക്കീതും നൽകി.
Post a Comment