ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ ജെ.പി. നദ്ദ ഉള്‍പ്പെട്ടതോടെ ബിജെപി പുതിയ അദ്ധ്യക്ഷനെ കണ്ടെത്തേണ്ടി വരും. പുതിയ പ്രസിഡന്റ് സ്ഥാനമേല്‍ക്കുന്നത് വരെ നദ്ദയെ പ്രസിഡന്റായി നിലനിര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ഈ മാസം അവസാനത്തോടെ മോദി ഇറ്റലി സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിവന്നാലുടന്‍ പുതിയ പ്രസിഡന്റിനെ ബിജെപി തീരുമാനിക്കും.
പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോഡിയാകും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. പാര്‍ട്ടിയുടെ ഒരാള്‍ക്ക് ഒരു പദവി എന്ന മാനദണ്ഡത്തെ ആസ്പദമാക്കിയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കേണ്ട സാഹചര്യം വന്നിരിക്കുന്നത്. അതേസമയം പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോഡി നദ്ദയോട് സ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്ന ആരാഞ്ഞിരുന്നു. മെമ്പര്‍ഷിപ്പ് ക്യാംപെയിനും സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകളും പൂര്‍ത്തിയാകും വരെ നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റ് തുടരും. സാധാരണഗതിയില്‍ 50 ശതമാനം സംസ്ഥാനങ്ങളിലെങ്കിലും സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായ ശേഷമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക.
ജൂലൈയിലാണ് പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ തുടങ്ങുക. അത് ആറു മാസം നീണ്ടു നില്‍ക്കും. ഡിസംബര്‍ ജനുവരിയിലായിരിക്കും പുതിയ പ്രസിഡന്റിനെ നിയോഗിക്കുക. വര്‍ക്കിംഗ് പ്രസിഡന്റിനെ മുഴുവന്‍ സമയ പ്രസിഡന്റായും തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ കാലാവധി 2025 ജനുവരി മുതല്‍ ആരംഭിക്കും. ജെ പി നദ്ദയെ 2019 ല്‍ വര്‍ക്കിംഗ് പ്രസിഡന്റാക്കുകയും 2020 ജനുവരിയില്‍ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2019ല്‍ പാര്‍ട്ടിയെ നയിച്ച അമിത് ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായതിന് ശേഷം പാര്‍ട്ടിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി ബോര്‍ഡ് 2019 ജൂണ്‍ 17-ന് ശ്രീ നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റാക്കി. 2020 ജനുവരി 20-ന് അദ്ദേഹം മുഴുവന്‍ സമയ പാര്‍ട്ടി പ്രസിഡന്റായി ചുമതലയേറ്റു, അദ്ദേഹത്തിന്റെ കാലാവധി ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ചു. എന്നാല്‍ പൊതുതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നദ്ദയ്ക്ക് ജൂണ്‍ അവസാനം വരെ കാലാവധി നീട്ടിനല്‍കിയിരുന്നു.
Post a Comment