റായ്ബറേലി: ഏഴ് മണിക്കൂറോളം നീണ്ട വോട്ടണ്ണലിന് ഒടുവിൽ ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി 4 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 2019ൽ റായ്ബറേലിയിൽ സോണിയ ഗാന്ധി നേടിയ വോട്ടുകളേക്കാൾ വലിയ മാർജിനിലാണ് രാഹുൽ ഗാന്ധിയുടെ ജയം. 167178 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സോണിയ ഗാന്ധി 2019ൽ ദിനേശ് പ്രതാപ് സിംഗിനെ റായ് ബറേലിയിൽ പരാജയപ്പെടുത്തിയത്. അഞ്ചാം ഘട്ടത്തിലായിരുന്നു റായ് ബറേലിയിൽ വോട്ടെടുപ്പ് നടന്നത്. 2019ൽ അമേഠിയിൽ ശക്തമായ തിരിച്ചടി നേരിട്ട രാഹുലിനെ താങ്ങി നിർത്തിയത് വയനാട് മണ്ഡമായിരുന്നു.
റായ് ബറേലിയിൽ രാഹുലിന് വേണ്ടി വോട്ട് തേടിയത് സോണിയ നേരിട്ടായിരുന്നു. റായ്ബറേലിയിലെ റാലിയിൽ സോണിയയുടെ പ്രസംഗം ഏറെ ചർച്ചയായിരുന്നു. 30 വർഷത്തോളം തന്നെ സേവനം ചെയ്യാൻ റായ് ബറേലി അനുവദിച്ചെന്നും ഇവിടം തന്റെ ഏറ്റവും വലിയ സമ്പാദ്യവുമാണെന്നായിരുന്നു സോണിയ പറഞ്ഞത്. 1952ലാണ് റായ് ബറേലി മണ്ഡലം രൂപീകൃതമായത്. ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളിലൊന്നാണ് റായ്ബറേലി.
സുരക്ഷിത സീറ്റില്‍ മത്സരിച്ചുവെന്ന ആക്ഷേപം നേരിട്ടെങ്കിലും റായ്ബറേലിയില്‍ രാഹുല്‍ നേടിയ നാല് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം അതിന്‍റെ മുനയൊടിക്കുന്നതാണ്. മണ്ഡലത്തിലെ 66.17 ശതമാനം വോട്ടും നേടിയാണ് രാഹുൽ റായ്ബറേലിയിൽ വിജയിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 28.64 ശതമാനം വോട്ടുകൾ മാത്രമാണ് മണ്ഡലത്തിൽ നേടാനായത്. വയനാട്ടിൽ നിന്ന് രണ്ടാമൂഴം തേടിയ രാഹുലിന് 647445 വോട്ടുകളാണ് നേടാനായത്.
Post a Comment