Join News @ Iritty Whats App Group

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ലക്ഷ്യമിട്ട് ജെഡിയുവും ടിഡിപിയും; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഇന്ത്യ സഖ്യവും


18ാം ലോക്സഭയുടെ ആദ്യസമ്മേളനം തുടങ്ങാനിരിക്കെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കായി ചർച്ചകൾ ആരംഭിച്ച് എൻഡിഎ സഖ്യകക്ഷികളും ഇന്ത്യ മുന്നണിയും. സ്പീക്കർ പദവി തങ്ങൾക്ക് നൽകണമെന്ന് ജെഡിയുവും ടിഡിപിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്നാണ് ഇന്ത്യ മുന്നണിയുടെ നിലപാട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകിയില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർഥിയെ നിർത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

അതേസമയം സ്പീക്കർ സ്ഥാനം ബിജെപി തന്നെ ഏറ്റെടുക്കാനാണ് തീരുമാനം. പകരം ചർച്ചയിലൂടെ സമവായത്തിൽ എത്തി ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സഖ്യ കക്ഷികളില്‍ ഒരാള്‍ക്ക് നൽകാനും ബിജെപി ആലോചിക്കുന്നുണ്ട്. ജൂൺ 24 നാണ് 18 -ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുക. ജൂൺ 26 ന് സ്പീക്കറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.

ഇന്ത്യ മുന്നണിയിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സ്പീക്കർ സ്ഥാനാർഥി സ്ഥാനത്തേക്ക് താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെ സ്പീക്കർ സ്ഥാനത്തേക്ക് ബിജെപി തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനാർത്ഥിയെയും പിന്തുണയ്ക്കുമെന്ന് ജെഡിയു ശനിയാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു എൻഡിഎ സ്ഥാനാർഥിയായിരിക്കും സ്പീക്കർ സ്ഥാനത്ത് എത്തുകയെന്ന് ടിഡിപിയും പ്രഖ്യാപിച്ചു.

ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് രംഗത്ത് എത്തി. ലോക്സഭാ സ്പീക്കർ സ്ഥാനം ബിജെപി കൈവശം വച്ചാൽ, ടിഡിപിയും ജെഡിയുവും തങ്ങളുടെ എംപിമാരുടെ കുതിരക്കച്ചവടം കാണാൻ തയ്യാറാവണം’ എന്നായിരുന്നു ഗെഹ്ലോട്ട് എക്സിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്. ഭാവിയിൽ ജനാധിപത്യവിരുദ്ധമായി എന്തെങ്കിലും ചെയ്യാൻ ബിജെപിക്ക് ഉദ്ദേശ്യമില്ലെങ്കിൽ, അവരുടെ സഖ്യകക്ഷികളിൽ ഒരാൾക്ക് സ്പീക്കർ സ്ഥാനം നൽകണം എന്നാണ് ഗെഹ്‌ലോട്ടിന്റെ വാദം.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഓം ബിർളയായിരുന്നു സ്പീക്കറായിരുന്നത്. ഈ കാലയളവിൽ ഡെപ്യൂട്ടി സ്പീക്കറുടെ ഓഫീസ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group