ചില പഞ്ചായത്തുകളില്‍ മരണങ്ങള്‍ ഉള്‍പ്പെടെ സംഭവിച്ച സാഹചര്യമാണ്. ഡെങ്കി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ മഴക്കാലത്ത് ടാപ്പിങ് നിർത്തിയ നിരവധി റബർ തോട്ടങ്ങളില്‍ ചിരട്ടകള്‍ മാറ്റാതെ വെള്ളം കെട്ടിനിന്ന് കൂത്താടികള്‍ പെരുകിയത് കണ്ടെത്തി. വീടും പരിസരവും ശുചിയായി സൂക്ഷിച്ചാലും ഒരു റബർ തോട്ടം ഉടമയുടെ അശ്രദ്ധ കാരണം പതിനായിരക്കണക്കിന് ഈഡിസ് കൊതുകുകള്‍ പെരുകുന്ന സാഹചര്യമാണ്. ടാപ്പിങ് നിർത്തിയ തോട്ടങ്ങളില്‍നിന്ന് ചിരട്ടകള്‍ പൂർണമായി എടുത്ത് അടുക്കി ചാക്കുകളില്‍ കെട്ടി നനയാത്ത ഒരിടത്തേക്ക് ഭദ്രമായി മാറ്റണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതോടൊപ്പം വീടുകളില്‍ കൊതുകുകള്‍ വളരുന്ന വെള്ളക്കെട്ടുകള്‍ നാലഞ്ച് ദിവസത്തില്‍ ഒരിക്കല്‍ ഒഴിവാക്കി ഉറവിട രഹിതമാക്കി വെക്കാനും വീടിനകത്തുള്ള മണി പ്ലാന്റുകള്‍, ചെടിച്ചട്ടികളുടെ ട്രേ, റഫ്രിജറേറ്ററിന്‍റെ അടിയിലെ ട്രേ- തുടങ്ങിയവ നാലഞ്ചു ദിവസത്തില്‍ ഒരിക്കലെങ്കിലും വെള്ളം മാറ്റാനും നിർദേശിച്ചു. വീടിനു പുറത്തെ പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍, കുട്ടകള്‍, കുപ്പികള്‍, പ്ലാസ്റ്റിക് മാലിന്യം, വിറകുപുരയും കെട്ടുകളും മറ്റും മൂടിയ പ്ലാസ്റ്റിക് ഷീറ്റുകളിലെ മടക്കുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം നാലഞ്ചു ദിവസത്തില്‍ ഒരിക്കലെങ്കിലും ഒഴിവാക്കാണം. കവുങ്ങിൻ പാളകള്‍ പറമ്ബില്‍ ഉണ്ടെങ്കില്‍ പലതായി ചീന്തി വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Post a Comment