തിരുവനന്തപുരം: മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം ഇതുവരെ നടത്തിയ സമരങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍. അധിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയതിനൊപ്പം മലബാറില്‍ സീറ്റ് ക്ഷാമം ഉണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. അധിക താത്കാലിക ബാച്ചുകള്‍ അനുവദിച്ചതും സീറ്റ് ക്ഷാമം പരിഹരിക്കാൻ സമിതിയെ വെച്ചതും സ്വാഗതാര്‍ഹമാണെന്നും സര്‍ക്കാര്‍ ഉറപ്പ് മുഖവിലക്ക് എടുക്കുന്നുവെന്നും കെഎസ്‍യു സംസ്ഥാൻ പ്രസിഡൻറ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
സമരത്തിന്‍റെ കാര്യം യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സീറ്റ് ക്ഷാമം പരിഹരിക്കാൻ സ്ഥിരം സംവിധാനം വേണമെന്നും വിദ്യാഭ്യാസ മന്ത്രിയുടെ കണക്കില്‍ പൊരുത്തക്കേട് ഉണ്ടെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. സമരം വിജയിച്ചുവെന്നും ചര്‍ച്ചയ്ക്കുശേഷം എംഎസ്എഫ്, കെഎസ്‍യു നേതാക്കള്‍ പറഞ്ഞു. ഉച്ചവരെ പ്രതിഷേധമായിരുന്നെങ്കിൽ, മലപ്പുറത്ത് അധിക താൽക്കാലിക സീറ്റ് അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന വന്നതോടെ തിരുവനന്തപുരം ആഹ്ലാദ പ്രകടനത്തിനും സാക്ഷ്യം വഹിച്ചു. യുഡിഎഫ് പ്രവർത്തകരാണ് ആഹ്ലാദ പ്രകടനവുമായി രംഗത്തെത്തിയത്.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറത്ത് കൂടുതല്‍ താൽക്കാലികമായി അധിക ബാച്ച് അനുവദിക്കുമെന്നായിരുന്നു വിദ്യാര്‍ത്ഥി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്.പുതിയ ബാച്ചുകളെ കുറിച്ച് പഠിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കാമെന്ന് വിദ്യാർത്ഥി സംഘടനകളുമായുള്ള ചർച്ചയിൽ വിദ്യാഭ്യാസമന്ത്രി ഉറപ്പ് നൽകി. സീറ്റ് ക്ഷാമമില്ലെന്ന് ആവർത്തിച്ചിരുന്ന മന്ത്രി മലപ്പുറത്ത് 7478 സീറ്റുകളുടെ കുറവുണ്ടെന്നാണ് സമ്മതിച്ചത്.
സർക്കാർ വൈകി കണ്ണ് തുറന്നതോടെ മലപ്പുറത്ത് പ്ലസ് വൺ സീറ്റ് കാത്തിരിക്കുന്ന കുട്ടികൾക്ക് താൽക്കാലികാശ്വാസമായി. അപേക്ഷകരുടെ എണ്ണം കുറച്ചും അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾ ചേർത്തും സീറ്റ് ക്ഷാമമില്ലെന്നായിരുന്നു മന്ത്രിയുടെ തുടക്കം മുതലുള്ള വാദം. ഭരണപക്ഷനിരയിൽ നിന്ന് വരെ പ്രതിഷേധം ഉയർന്നതോടെയാണ് 7478 സീറ്റിന്‍റെ കുറവുണ്ടെന്നുള്ള സമ്മതിക്കൽ. അപ്പോഴും അപേക്ഷിച്ച ശേഷം മറ്റ് സ്ട്രീമിലേക്ക് മാറിയവരുടെ എണ്ണം സീറ്റില്ലാത്തവരുടെ എണ്ണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശരിക്കുള്ള കുറവ് 15000 ത്തിലേറെ വരും. സപ്ലിമെന്‍ററി അലോട്ട്മെൻറിലെ അപേക്ഷ പരിഗണിച്ച് താലൂക്ക് അടിസ്ഥാനത്തിൽ പുതിയ താൽക്കാലിക ബാച്ച് അനുവദിക്കാനാണ് തീരുമാനം. ജുലൈ അഞ്ചിനുള്ളിൽ ഹയർ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടറും മലപ്പുറം ആർഡിഡിയും അടങ്ങിയ സമിതി റിപ്പോർട്ട് നൽകും. സമരത്തിന്‍റെ വിജയമായാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ സർക്കാർ തീരുമാനത്തെ കാണുന്നത്.
Post a Comment