Join News @ Iritty Whats App Group

മത്സരിച്ചത് രണ്ട് കോടീശ്വരന്മാര്‍ക്കിടയിൽ, പണം കാര്യമായി പ്രചാരണത്തെ ബാധിച്ചെന്ന് പന്ന്യൻ രവീന്ദ്രൻ


രണ്ട് കോടീശ്വരന്മാര്‍ക്കിടയിലായിരുന്നു താൻ മത്സരിച്ചതെന്ന് പന്ന്യൻ രവീന്ദ്രൻ. കടുത്ത മത്സരമായിരുന്നു തിരുവനന്തപുരത്ത് നടന്നത്. പക്ഷെ പണം കാര്യമായി പ്രചാരണത്തെ ബാധിച്ചെന്നും സംഘടനാ ദൗര്‍ബല്യമില്ലെന്നും പന്ന്യൻ പറഞ്ഞു. നന്നായി തന്നെ മത്സരിച്ചു. പക്ഷേ തോറ്റുവെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഇന്ത്യ സഖ്യത്തില്‍ വരുന്ന പാര്‍ട്ടികളാണ് വ്യത്യസ്തമായി മത്സരിച്ചതെന്നും അത് എല്ലാ മണ്ഡലങ്ങളിലും ബാധിച്ചുവെന്നും പന്ന്യൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു. ഒരിക്കലും ഇങ്ങനെയൊരു ഫലം ഉണ്ടാകേണ്ടതല്ല. നല്ല ഭരണം കാഴ്ചവെയ്ക്കുന്ന സര്‍ക്കാരാണിത്. സര്‍ക്കാരിനെതിരായ വിധിയെഴുത്ത് അല്ല ഇത്. പണത്തിന്‍റെ കുത്തൊഴുക്കുണ്ടായിരുന്നു. നമ്മള്‍ കേസിന് പോയിട്ടില്ല. വോട്ട് പര്‍ച്ചേയ്സ് ചെയ്തു. പാവങ്ങള്‍ വാങ്ങുന്നുവെങ്കില്‍ വാങ്ങട്ടെയെന്ന് താനും കരുതിയെന്നും പന്ന്യൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നവരാണ്. ഇന്ത്യ മുന്നണിയിലെ രണ്ടു പേര്‍ പരസ്പരം മത്സരിക്കുന്നത് അവര്‍ ചര്‍ച്ച ചെയ്തു കാണും. അതാകും തോല്‍വിയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പന്ന്യൻ പറഞ്ഞു. വോട്ടിങ് ശതമാനം കുറഞ്ഞതും ഒരു ഘടകമാണ്. സംഘടനാ സംവിധാനത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും.

ഞാൻ ആ പാവങ്ങളെ കുറ്റപ്പെടുത്തുന്നില്ല. കോടികളാണ് തിരുവനന്തപുരത്ത് വാരി വിതറിയത്. ബിജെപി സംഘടനാപരമായി ഇവിടെ വളര്‍ന്നതല്ല. പണത്തിന്‍റെ ഭാഗമായി വളര്‍ന്നതാണ്. പണം നൽകുന്നതിനെ ചൊല്ലി അവർ തമ്മിലാണ് തർക്കമുണ്ടായത്. അതില്‍ കേസുമുണ്ടായി. താഴെ തട്ടുവരെ പരിശോധന നടത്തും. സിപിഐ പരമാവധി ശ്രമിച്ചു. പക്ഷേ ഈ സാഹചര്യത്തില്‍ എന്ത് ചെയ്യാൻ കഴിയുമെന്നും തന്‍റെ ജീവിതം രാഷ്ട്രീയമാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group