Join News @ Iritty Whats App Group

കുവൈത്ത് ലേബർ ക്യാമ്പിലെ തീപിടിത്തം; നടുക്കം രേഖപ്പെടുത്തി ഇന്ത്യ, എല്ലാ സഹായങ്ങളും നല്‍കും


കുവൈത്ത് സിറ്റി: കുവൈത്തിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ നടുക്കം രേഖപ്പെടുത്തി ഇന്ത്യ. ഇന്ത്യൻ അംബാസിഡർ ക്യാമ്പിലേക്ക് പോയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. തീപിടിത്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. എംബസി എല്ലാ സഹായങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 41 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തിയിരുന്നു. മരണസംഖ്യ 41 ആയി ഉയര്‍ന്നതായി മന്ത്രി ഫഹദ് അൽ യൂസഫിനെ ഉദ്ധരിച്ചു കുവൈത്ത് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. കർശന നടപടികൾക്ക് മന്ത്രി നിർദേശം നൽകി. കെട്ടിടങ്ങളിലെ നിയമലംഘനങ്ങളില്‍ മുനിസിപ്പാലിറ്റി പരിശോധന നടത്തും. മുന്നറിയിപ്പില്ലാതെ നടപടികൾ സ്വീകരിക്കും. തിങ്ങി താമസിക്കുന്നതും നിയമ ലംഘനങ്ങളും അനുവദിക്കില്ല. 

മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്. തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിലേക്ക് മാറ്റി. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group