വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ന്യൂജേഴ്സിയിലെ മിഡിൽസെക്സ് കൗണ്ടിയിൽ നടന്ന വെടിവെയ്പി ൽ ഇന്ത്യക്കാരി കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. അക്രമിയായ 19കാരൻ ഇന്ത്യൻ വംശജനാണ്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പഞ്ചാബിൽ നിന്നുള്ള ജസ്വീർ കൗർ(29)ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ 20കാരിയായ ഇവരുടെ ബന്ധുവിന്റെ നില ഗുരുതരമായി തുടരുകയാണ്.
ജൂൺ 14ന് വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ രണ്ടുപേരെയും കണ്ടെത്തി. തുടർന്ന് ഇവരെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചുവെങ്കിലും ജസ്വീർ കൗർ മരിച്ചു.
ഗൗരവ് ഗില്ലിനെ അന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കെന്റിലെ താമസക്കാരനായ ഗിൽ, ഫസ്റ്റ് ഡിഗ്രി കൊലപാതകം, കൊലപാതകശ്രമം, ആയുധവുമായി ബന്ധപ്പെട്ട നിരവധി കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം ആരോപണങ്ങൾ നേരിടുന്നയാളാണ്.
വെടിവയ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല. യുവതികളുമായി ഗില്ലിന് എന്തെങ്കിലും മുൻബന്ധം ഉണ്ടായിരുന്നോ എന്ന് അറിയില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Post a Comment