രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടില്‍ മത്സരിക്കാന്‍ കഴിയുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ വദ്ര. വയനാടിന് ഒരിക്കലും രാഹുല്‍ ഗാന്ധിയുടെ അഭാവം അറിയിക്കില്ലെന്നും അവര്‍ പറഞ്ഞു. റായ്ബറേലിയിലും വയനാട്ടിലും ഞാന്‍ സഹോദരനെ സഹായിക്കും.
രാഹുല്‍ ഗാന്ധിയുടെ അഭാവം നികത്താന്‍ ഞാന്‍ പരമാവധി കഠിനാധ്വാനം ചെയ്യും. എല്ലാവരെയും സന്തോഷിപ്പിച്ച് മികച്ച നിലയിലെത്തിക്കാന്‍ പരമാവധി ശ്രമിക്കും. റായ്ബറേലിയുമായും അമേഠിയുമായും കഴിഞ്ഞ 20 വര്‍ഷത്തോളമായി എനിക്ക് വളരെ അടുത്ത ബന്ധമുണ്ട്.
ഈ രണ്ടു സ്ഥലങ്ങളുമായുള്ള ബന്ധം ഞാന്‍ പഴയ പോലെ തന്നെ തുടരും. ആ ബന്ധം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. അതേസമയം, തലമുറകളായി ഗാന്ധി കുടുംബം മത്സരിക്കുന്ന മണ്ഡലമാണ് റായ്ബറേലിയെന്നും രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിറുത്തുന്നതാണ് ഉചിതമെന്ന വിലയിരുത്തലിലാണ് തീരുമാനമെന്ന് ഖാര്‍ഗെ പറഞ്ഞു.
രാഹുല്‍ ഗാന്ധിയ്ക്ക് വയനാട്ടിലെ ജനങ്ങളുടെ സ്നേഹം ലഭിച്ചെന്നും ദുഃഖത്തോടെയാണ് വയനാട്ടില്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചതെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഹുല്‍ വയനാട്ടിലെ എംപി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സൂചിപ്പിച്ചിരുന്നു.
വയനാട്ടില്‍ രാഹുലിന്റെ ഒഴിവിലേക്ക് മത്സരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പിലെ കന്നിയങ്കമാണിത്. വയനാട്ടില്‍ രാഹുലിന്റെ അഭാവം അറിയിക്കാതെ പ്രവര്‍ത്തിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. അതേസമയം വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് തന്റെ ഹൃദയത്തില്‍ നിന്നും നന്ദി അറിയിക്കുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ജീവിതകാലം മുഴുവന്‍ വയനാടിനെ ഓര്‍ക്കുമെന്നും വയനാടിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Post a Comment