തിരൂര്‍: കുവൈത്തിലുണ്ടായ അഗ്‌നിബാധയില്‍ തിരൂര്‍ കൂട്ടായി സ്വദേശി കോതപറമ്പില്‍ കുപ്പന്റെ പുരയ്ക്കല്‍ പരേതനായ ഹംസയുടെ മകന്‍ നൂഹ് (42) മരിച്ചത് അപകടത്തില്‍പെട്ടവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലെന്നു സൂചന. കുവൈത്തിലെ നൂഹിന്റെ സുഹൃത്തുക്കളാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. നൂഹ് താമസിക്കുന്ന കെട്ടിടത്തിന്റെ ഭാഗത്ത് തീപിടുത്തമുണ്ടായിട്ടില്ല.
തീ പിടിച്ച വിവരം അറിഞ്ഞയുടന്‍ അപകടസ്ഥലത്തേക്ക് നൂഹ് പോവുകയായിരുന്നു. അവിടെ, കുറച്ചുപേരെ നൂഹ് രക്ഷപ്പെടുത്തിയെന്നാണു വിവരം. അതിനിടയിലെപ്പോഴോ നൂഹും തീയില്‍പെടുകയായിരുന്നു. ഒന്നര മാസം മുമ്പാണ് നൂഹ് പുതിയ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. ഇന്നലെ രാവിലെയാണ് നൂഹിന്റെ മരണവിവരം വീട്ടില്‍ അറിയിച്ചത്. തിരിച്ചറിഞ്ഞ 12 മലയാളികളുടെ മൃതദേഹം ഡല്‍ഹിയില്‍നിന്ന് ഇന്നു വൈകിട്ടോടെ നെടുമ്പാശ്ശേരിയിലെത്തിക്കും. മലപ്പുറത്തുകാരായ രണ്ടുപേരുടെ മൃതദേഹം കരിപ്പൂരിലെത്തിക്കും.
കരിപ്പൂരില്‍നിന്നും നാട്ടുകാര്‍ നൂഹിന്റെ മൃതദേഹം വീട്ടിലെത്തിക്കും. രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് നൂഹ് കുവൈത്തിലേക്കു മടങ്ങിയത്. രണ്ട് സഹോദരങ്ങള്‍ കുവൈത്തിലുണ്ട്. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ 12 നു രാത്രിയാണ് നൂഹിനെ ആശുപത്രിയിലെത്തി തിരിച്ചറിഞ്ഞത്. കഴിഞ്ഞ ആറ് വര്‍ഷമായി പ്രവാസിയാണ് നൂഹ്. ബറത്താണ് നൂഹിന്റെ ഭാര്യ മക്കള്‍: ഫാത്തിമ നഫ്‌ല, ഫാത്തിമ നസ്‌വ, ഫാത്തിമ നജ്‌ല.
കുവൈത്ത് തീപിടിത്തത്തില്‍നിന്ന് സാഹസികമായി രക്ഷപ്പെട്ട് മലയാളി. കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശിയായ നളിനാക്ഷനാണ് തീ ശ്രദ്ധയില്‍പ്പെട്ടതോടെ, വാട്ടര്‍ ടാങ്കിലേക്ക് ചാടി രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് താഴെയുണ്ടായിരുന്ന വാട്ടര്‍ ടാങ്കിലേക്ക് നളിനാക്ഷന്‍ ചാടിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ബന്ധു ബാലകൃഷ്ണന്‍ 11 മണിയോടെയാണ് വിവരം അറിഞ്ഞത്. തീ പിടിച്ച കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്ന് നളിനാക്ഷന്‍ വാട്ടര്‍ ടാങ്കിലേക്ക് ചാടുകയായിരുന്നു. പക്ഷെ പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. ഇതിനിടെ സമീപത്തെ ഫ്‌ളാറ്റിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ നളിനാക്ഷനെ കാണുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. വീഴ്ചയില്‍ വാരിയെല്ല് പൊട്ടിയിട്ടുണ്ട്. അതിന്റെ ശസ്ത്രക്രിയ നടക്കാനിരിക്കുകയാണ്.
Post a Comment