Join News @ Iritty Whats App Group

തെരഞ്ഞെടുപ്പ് ഫലം; 'വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി': വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കും മുന്നറിയിപ്പ്


കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണകളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

'വാര്‍ത്തകളുടെ നിജസ്ഥിതി എളുപ്പത്തില്‍ സ്ഥിരീകരിക്കുന്നതിന് ജില്ലാതലത്തില്‍ സെല്ലിന് രൂപം നല്‍കും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, എക്സ് ഉള്‍പ്പെടെയുള്ള പ്ലാറ്റ്ഫോമുകള്‍ വഴി വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണകള്‍ പരത്തുന്ന ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിന് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പോസ്റ്ററുകള്‍, വീഡിയോകള്‍, ടെക്സ്റ്റ്- ശബ്ദ സന്ദേശങ്ങള്‍ എന്നിവ പോസ്റ്റ് ചെയ്യുന്നവര്‍ക്കും അവ പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും.' വാട്സ്ആപ്പ്, ഗ്രൂപ്പുകളില്‍ ഇത്തരം ഉള്ളടക്കങ്ങള്‍ വരുന്നപക്ഷം അവയുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി വരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നടക്കുന്ന വെള്ളിമാടുകുന്ന് ജെഡിടിയില്‍ അതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയെന്നും കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷ പരിഗണിച്ച് അതിന്റെ പരിസരങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. രാവിലെ എട്ട് മണിയോടെ ഹോം വോട്ടുകള്‍, അവശ്യ സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. ഇതിനായി ഓരോ മണ്ഡലത്തിനും 30 വീതം ടേബിളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവ ഉച്ച 12 മണിയോടെ എണ്ണിത്തീരുമെന്നാണ് കരുതുന്നത്. നിയമസഭാ മണ്ഡലം തലത്തില്‍ 14 ടേബിളുകളിലായി എട്ടര മണിയോടെ എണ്ണിത്തുടങ്ങുന്ന ഇവിഎം വോട്ടെണ്ണല്‍ ഉച്ച രണ്ടുമണിയോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടെണ്ണല്‍ വിവരങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍ ലഭിക്കുന്നതിനായി മീഡിയ സെന്റര്‍ സൗകര്യം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group