Join News @ Iritty Whats App Group

അവശ്യസാധനങ്ങള്‍ക്ക് തീവില, ജനം പൊറുതിമുട്ടിയെന്ന് പ്രതിപക്ഷം; വിലക്കയറ്റം പിടിച്ച് നിർത്തിയെന്ന് ഭക്ഷ്യമന്ത്രി


തിരുവനന്തപുരം:വിലക്കയറ്റം ദേശീയ വിഷയമാണെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍.അനില്‍ നിയമസഭയില്‍ പറഞ്ഞു. വിലക്കയറ്റം ഏറെ ബാധിക്കുന്നത് കേരളത്തെയാണ്. സംസ്ഥാന സർക്കാരിന്‍റെ വിപണി ഇടപെടൽ വഴി വിലക്കയറ്റത്തിന്‍റെ തോത് ഇവിടെ കുറവാണ്. ശക്തമായ വിപണി ഇടപെടൽ നടത്തി.വിലക്കയറ്റം പിടിച്ച് നിർത്തിയെന്നും മന്ത്രി അവകാശപ്പെട്ടു. കാലാവസ്ഥ വ്യതിയാനം പച്ചക്കറി ലഭ്യതയെ ബാധിച്ചു. ഇത് ചില ഇനങ്ങൾക്ക് വില കയറാൻ കാരണമായിട്ടുണ്ട്. അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരിന് മാത്രം വിലക്കയറ്റം മനസിലാകുന്നില്ലെന്ന് റോജി എം ജോൺ പറഞ്ഞു. സർക്കാർ ഒന്നും ചെയ്യുന്നില്ല.ജനം പൊറുതി മുട്ടുമ്പോൾ സർക്കാർ ഒന്നും അറിയുന്നില്ല. കൃഷി മന്ത്രി സഭയിൽ നൽകിയ മറുപടി പോലും വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്നാണ്.പച്ചക്കറിയും മീൻവിലയും ഇരട്ടിയായി.സാധാരണക്കാരന് മാർക്കറ്റിൽ കയറാൻ കഴിയാത്ത അവസ്ഥയാണ്.85 രൂപക്ക് കൊടുക്കുമെന്ന് പറഞ്ഞ കെ ചിക്കൻ എവിടെ എന്ന് റോജി ചോദിച്ചു. 85 രൂപക്ക് ചിക്കന്‍റെ കാല് പോലും കിട്ടുന്നില്ല.

വിപണി ഇടപെടലിന് സിവിൽ സപ്ലെസിന് സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടോ ?വകയിരുത്തിയ തുകയില്‍ ഒരു രൂപ പോലും കിട്ടിയിട്ടില്ലെന്ന് പറഞ്ഞത് ഭക്ഷ്യമന്ത്രി തന്നെയാണ്.സബ്സിഡി വെട്ടിക്കുറച്ച് 50ാം വർഷം ആഘോഷിക്കുന്ന പ്രസ്ഥാനമാണ് സപ്ലെകോ.സപ്ലെ ഇല്ലാത്ത സപ്ലെകോയാണ്.ഒഴിഞ്ഞ് കിടക്കുന്ന റാക്ക് എവിടെയും കാണാം.ടെണ്ടറിൽ പങ്കെടുക്കാൻ പോലും കരാറുകാരെ കിട്ടാത്ത അവസ്ഥയാണ് ഇപ്പോ സപ്ലെകോക്ക്.3500,കോടി സപ്ലെയ്കോക്ക് കിട്ടാനുണ്ടെന്നാണ് വാർത്ത.ഹെലികോപ്റ്ററിന് കൊടുക്കുന്ന വാടക കാശെടുത്തെങ്കിലും സപ്ലെയ്കോക്ക് കൊടുക്കണമെന്നും റോജി പരിഹസിച്ചു.

ഫലപ്രദമായ നടപടികളാണ് സർക്കാർ ചെയ്യുന്നതെന്ന് മന്ത്രി വിശദീകരിച്ചു.കൃഷിമന്ത്രിയുമായി കഴിഞ്ഞ ദിവസം യോഗം ചേർന്ന് വിലനിയന്ത്രണത്തിന് ഇടപെടൽ നടത്തുന്നുണ്ട്. കേന്ദ്രത്തിന്‍റെ കേരള വിരുദ്ധ സമീപനത്തിൽ പ്രതികരിക്കാൻ സർക്കാരിനൊപ്പം പ്രതിപക്ഷം തയ്യാറാകുന്നില്ല.ഭക്ഷ്യധാന്യം പോലും വെട്ടിക്കുറയ്ക്കുകയാണ്.വിലക്കയറ്റത്തിന് കാരണവും വിപണി ഇടപെടിന് തടസവും കേന്ദ‌്ര ഇടപെടലാണെന്നും മന്ത്രി പറഞ്ഞു.

50 മുതൽ 200 ശതമാനം ആണ് വിലക്കയറ്റമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.വിലക്കയറ്റത്തേയും വിപണി ഇടപെടലിനേയും കുറിച്ച് ചോദിക്കുമ്പോൾ റേഷൻ കടവഴി അരി വിതരണം ചെയ്യുന്നതിനെ കുറിച്ചാണ് മന്ത്രിയുടെ മറുപടി.വിലക്കയറ്റത്തിന് എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്.വിലവർദ്ധനവിന്‍റെ കണക്ക് എടുത്തത് മാർക്കറ്റിൽ നിന്നാണ്, അത് സർക്കാരിന് അറിയില്ലേ.ഹോർടികോർപിന്‍റെ വില പല സാധനങ്ങൾക്കും പൊതുവിപണിയേക്കാൾ കൂടുതലാണ്.വട്ടവടയിൽ നിന്ന് ഇപ്പോ പച്ചക്കറി എടുക്കുന്നുണ്ടോ?കഴിഞ്ഞ ഓണത്തിന് എടുത്ത പച്ചക്കറിയുടെ കാശ് പോലും കിട്ടിയില്ലെന്ന് വട്ടവടയിലെ കർഷകർക്ക് പരാതി ഉണ്ട്.അമ്പതാം വർഷത്തിൽ സപ്ലെയ്കോയുടെ അന്തകനാകുകയാണ് സർക്കാർ.വിലക്കയറ്റം പരിഹരിക്കുന്നതിനും ഇടപെടുന്നതിലും സർക്കാറും സർക്കാരിന്‍റെ എല്ലാ ഏജൻസികളും പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

Post a Comment

Previous Post Next Post
Join Our Whats App Group