കണ്ണൂർ: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ വയക്കര സ്വദേശി നിധിനും. 26 കാരനായ നിധിൻ കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്നു. മൂന്ന് വർഷമായി കുവൈത്തിലാണ് നിധിൻ. ജനുവരിയിൽ നാട്ടിൽ വന്നു മടങ്ങിയതായിരുന്നു നിധിൻ. നേരത്തെ, കോട്ടയം സ്വദേശി ഷിബു വർഗീസും ചാവക്കാട് സ്വദേശി ബിനോയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഇന്ന് തന്നെ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് വിവരം.
തീപിടുത്തം നടന്ന ഫ്ലാറ്റിൽ കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലുള്ള ബൻ എന്ന സുഹൃത്ത് നാട്ടിൽ അറിയിച്ചു. ബിനോയിയുടെ ചർച്ചിലെ പാസ്റ്ററായ കുര്യാക്കോസ് ചക്രമാക്കലിനെയാണ് കുവൈറ്റിൽ നിന്ന് സുഹൃത്ത് വിവരം അറിയിച്ചത്. ദുരന്തത്തിൽ കോട്ടയം സ്വദേശിയായ പായിപ്പാട് പാലത്തിങ്കൽ ഷിബു വർഗീസും (38) മരിച്ചതായി വിവരം കിട്ടി. കുവൈത്തിൽ അക്കൗണ്ടൻ്റായിരുന്നു ഷിബു വർഗീസ്. ഭാര്യ- റിയ ഷിബു, മകൻ എയിഡൻ വർഗീസ് ഷിബു.
അതേസമയം, കുവൈത്തിലെ ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക അറിയിച്ചു. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും നോർക്കയ്ക്ക് വിവരം ലഭിച്ചതായി കെവി അബ്ദുൽഖാദർ അറിയിച്ചു. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.
Post a Comment