ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമല്ലെന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവ് അമർത്യ സെൻ. ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ആശയം ഉചിതമാണെന്ന് കരുതുന്നില്ലെന്നും ബംഗാളി വാർത്താ ചാനലിനോട് സംസാരിക്കവെ സെൻ വ്യക്തമാക്കി.
മതേതര ഭരണഘടനയുള്ള മതേതര രാജ്യമെന്ന നിലയില്‍ രാഷ്ട്രീയമായി തുറന്ന് മനസ് ആവശ്യമാണെന്നും അമർത്യ സെൻ ചൂണ്ടിക്കാണിച്ചു. മഹാത്മ ഗാന്ധിയുടേയും രബീന്ദ്രനാഥ ടാഗോറിന്റേയും നേതാജിയുടേയും മണ്ണില്‍, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി ചിത്രീകരിക്കുന്നതിനായി ഇത്രയും പണം മുടക്കി രാമക്ഷേത്രം നിർമിച്ചത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ഇന്ത്യയുടെ യഥാർഥ സ്വത്വത്തെ മറച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു, അത് മാറേണ്ടതുണ്ട്, സെൻ വ്യക്തമാക്കി.
പുതിയ മന്ത്രിസഭ പഴയ മന്ത്രിസഭയുടെ പതിപ്പ് മാത്രമാണെന്നും സെൻ ചൂണ്ടിക്കാണിച്ചു. മന്ത്രിമാർ അതേ വകുപ്പ് തന്നെ കൈവശം വെയ്ക്കുന്നു. ചെറിയ അഴിച്ചുപണിയുണ്ടായെങ്കിലും രാഷ്ട്രീയപരമായി ശക്തരായവർ അങ്ങനെ തന്നെ തുടരുകയാണെന്നും സെൻ പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ ജയിലിലാക്കുന്നതിനെ, ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്ന സമയത്ത് വിചാരണയില്ലാതെ ആളുകളെ ജയിലിലടച്ചിരുന്നതിനോടാണ് 90കാരനായ സെൻ ഉപമിച്ചത്.
എല്ലാ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും നമ്മള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. വിചാരണയില്ലാതെതന്നെ ആളുകളെ തടവിലാക്കുന്നതും പണക്കാരും ദരിദ്രരും തമ്മിലുള്ള അകലം വർധിക്കുന്നതും തുടരുകയാണ്. ഇത് അവസാനിക്കണം, സെൻ കൂട്ടിച്ചേർത്തു. എന്റെ ചെറുപ്പകാലത്ത്, ബ്രിട്ടീഷ് ഇന്ത്യയില്‍ എന്റെ ബന്ധുക്കളില്‍ പലരും വിചാരണപോലുമില്ലാതെ ജയിലില്‍ കിടന്നു. ഇന്ത്യ ഇതില്‍ നിന്ന് മുക്തമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇത് അവസാനിക്കാത്തതില്‍ കോണ്‍ഗ്രസും കുറ്റക്കാരാണ്, അവരും മാറ്റം കൊണ്ടുവന്നില്ല. എന്നാല്‍, ഇന്ന് ഇത് നിലവിലെ സർക്കാരിന്റെ കീഴില്‍ കൂടുതലായി പ്രയോഗിക്കപ്പെടുന്നു, സെൻ പറഞ്ഞു.
ഇന്ത്യയിൽ തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രാഥമിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകൾ അവഗണിക്കപ്പെടുകയാണെന്നും സെൻ പറഞ്ഞു. യുഎസില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ സെന്‍, നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു ബംഗാളി വാർത്താ ചാനലിനോട് പ്രതികരിക്കുക ആയിരുന്നു.
Post a Comment