ദില്ലി: സമൂഹ മാധ്യമങ്ങളിൽ പേരിനൊപ്പം മോദി കാ പരിവാർ (മോദിയുടെ കുടുംബം) എന്ന് ചേർത്തത് മാറ്റാൻ നിർദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പേര് നീക്കാൻ ബിജെപി നേതാക്കളോടും പ്രവർത്തകരോടും നിർദ്ദേശിച്ചത്. എക്സിലാണ് മോദി ഇത് സംബന്ധിച്ച ആഹ്വാനം നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുള്ള മന്ത്രിസഭാ രൂപീകരണത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ കുടുംബാധിപത്യമാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം എക്സിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ് മോദിയുടെ ആഹ്വാനം. മൂന്നാം മോദി മന്ത്രിസഭയിലെ 20 യൂണിയന്‍ കാബിനറ്റ് മന്ത്രിമാരുടെ പേരും അവരുടെ ബന്ധുക്കളായ രാഷ്ട്രീയനേതാക്കളുടെ പേരും അടങ്ങുന്ന പട്ടികയും രാഹുല്‍ പുറത്തുവിട്ടിരുന്നു
മോദിയുടെ കുറിപ്പിങ്ങനെ...
'എന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള നിരവധി ആളുകൾ അവരുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ 'മോദി കാ പരിവാർ' ചേർത്തു. അത് എനിക്ക് ഒരുപാട് ശക്തി പകർന്നു. ഇന്ത്യയിലെ ജനങ്ങൾ തുടർച്ചയായ മൂന്നാം തവണയും എൻഡിഎയ്ക്ക് ഭൂരിപക്ഷം നൽകി. റെക്കോർഡിട്ടുകൊണ്ട്, നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ നമുക്ക് ജനങ്ങൾ അധികാരം നൽകി. നമ്മളെല്ലാവരും ഒരു കുടുംബമെന്ന സന്ദേശം ഫലപ്രദമായി കൈമാറിയതിൽ, ഇന്ത്യയിലെ ജനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. അതോടൊപ്പം നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിൽ നിന്ന്ന്ന് 'മോദി കാ പരിവാർ' എന്നത് നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രദർശിപ്പിക്കുന്ന പേര് മാറിയേക്കാം, എന്നാൽ ഇന്ത്യയുടെ പുരോഗതിക്കായി പരിശ്രമിക്കുന്ന ഒരു പരിവാർ എന്ന നിലയിലുള്ള ഞങ്ങളുടെ ബന്ധം ശക്തവും അഭേദ്യവുമായി തുടരും'
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ എക്സ് അക്കൗണ്ടിലെ ചിത്രങ്ങളിലും മാറ്റം വന്നു. ഭരണഘടനയ്ക്ക് മുന്‍പില്‍ തലകുനിച്ച് വണങ്ങുന്ന മോദിയുടെ ചിത്രം കവർ ഇമേജ് ആക്കിയിരിക്കുന്നത്. മാറ്റത്തിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ ഭരണഘടന സംരക്ഷണം രാഹുല്‍ ഉയർത്തിയതിന്‍റ അന്തരഫലമാണ് ഇതൊക്കെയെന്ന് ജയറാം രമേശ് പ്രതികരിച്ചു.
Post a Comment