Join News @ Iritty Whats App Group

അയോദ്ധ്യയില്‍ രാമക്ഷേത്രം തുറന്ന് ആറുമാസത്തിനുള്ളില്‍ ചോര്‍ച്ച ; ബി ജെ പി അയോധ്യയെ അഴിമതിയുടെ ഹബ് ആക്കി മാറ്റിയെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ്



അയോധ്യ: അയോധ്യ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയെന്ന റിപ്പോര്‍ട്ട് ആയുധമാക്കാന്‍ കോണ്‍ഗ്രസ്. ബി ജെ പി അയോധ്യയെ അഴിമതിയുടെ ഹബ് ആക്കി മാറ്റിയെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി പൊളിഞ്ഞുകൊണ്ടിരിക്കുകയാണ് എന്നും അയോദ്ധ്യയിലെ റോഡുകളും റെയില്‍വേ സ്‌റ്റേഷന്റെ ചുറ്റുമതിലും മഴയില്‍ തകര്‍ന്നതായും യുപിപിസിസി അദ്ധ്യക്ഷന്‍ അജയ്‌റായി പറഞ്ഞു. മുഖ്യ പൂജാരി സത്യേന്ദ്ര ദാസാണ് ക്ഷേത്രത്തിലെ ചോര്‍ച്ചയുടെ വിവരം പുറത്തുവിട്ടിരിക്കുന്നത്.

ദേശീയ വാര്‍ത്താ ഏജന്‍സിയോട് ആണ് മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് ചോര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. വെള്ളം ഒഴുകി പോകാന്‍ കൃത്യമായ സംവിധാനം ഇല്ലെന്നും വലിയ മഴ പെയ്താല്‍ ദര്‍ശനം ബുദ്ധിമുട്ട് ആകും എന്നും സത്യേന്ദ്ര ദാസ് പറഞ്ഞു. ഏറെ കൊട്ടിഘോഷിച്ച് ജനുവരിയില്‍ തുറന്ന ക്ഷേത്രത്തിന്റെ മുഖ്യ കെട്ടിടത്തിന് ആറുമാസം തികയുന്നതിന് മുമ്പാണ് ചോര്‍ച്ചയുണ്ടായത്. കഴിഞ്ഞ ദിവസം മഴപെയ്തപ്പോള്‍ ചോര്‍ച്ച ഉണ്ടായതായി വ്യക്തമാക്കി മുഖ്യ പൂജാരി രംഗത്തെത്തിയതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്.

അതേസമയം ചോര്‍ച്ച ഗുരു മണ്ഡപം തുറസ്സായ സ്ഥലത്തായതിനാലാണ് എന്നും നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ പ്രശ്‌നം പരിഹരിക്കുമെന്നും പ്രതികരിച്ച് അയോധ്യ ക്ഷേത്ര നിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര രംഗത്ത് വന്നിട്ടുണ്ട്. ഒന്നാം നിലയിലാണ് ചോര്‍ച്ച കണ്ടതെന്നും നിര്‍മ്മാണം പുരോഗമിക്കുകയാണ് എന്നും നിര്‍മ്മണത്തിലോ ഡിസൈനിലോ ഒരു പ്രശ്‌നവും ഇല്ലെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു. ക്ഷേത്രത്തിലെ ചോര്‍ച്ച ആരോപിച്ച് പൂജാരി തന്നെ രംഗത്ത് വന്നതോടെ ബിജെപിയ്‌ക്കെതിരേ അത് ആയുധമാക്കുകയാണ് കോണ്‍ഗ്രസ്.

Post a Comment

Previous Post Next Post
Join Our Whats App Group