തൊടുപുഴ: മൂന്നുറോളം ഉപഭോക്താക്കള്‍ക്ക് അമിത വൈദ്യുതിബില്‍ അടയ്‌ക്കേണ്ടി വന്ന സംഭവത്തിനുപിന്നില്‍ വന്‍ ഗൂഡാലോചനയെന്ന് ആരോപണം. ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം ബില്ലില്‍ കൃത്രിമം നടത്തുകയായിരുന്നുവെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് സ്‌പെഷല്‍ ടീം നടത്തിയ അന്വേഷണത്തിലാണ് വിവാദപരമായ കണ്ടെത്തലുള്ളത്.
2023 മെയ് മാസത്തിലാണ് തൊടുപുഴ മേഖലയിലെ 300 ഓളം ഉപഭോക്താക്കള്‍ക്ക് കെ.എസ്.ഇ.ബി വമ്പന്‍ ബില്ലുകള്‍ നല്‍കിയത്. മുന്‍കാലങ്ങളില്‍ ഉപയോഗിച്ച വൈദ്യുതിക്ക് ബില്ല് നല്‍കിയത് കുറഞ്ഞുപോയെന്നും ഇത് മീറ്റര്‍ റീഡിങ് എടുക്കുന്നയാള്‍ക്ക് പറ്റിയ പിഴവായിരുന്നുവെന്നും പറഞ്ഞ് ആയിരം മുതല്‍ മൂവായിരം വരെ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചതായി കാട്ടി വന്‍ തുകകളുടെ ബില്ല് നല്‍കുകയായിരുന്നു.
2023 ജൂണ്‍, ജൂലൈ മാസങ്ങളിലും ഇത് തുടര്‍ന്നു. പരാതിയുമായി എത്തിയ ഉപഭോക്താക്കളോട് യഥാര്‍ഥ ഉപഭോഗത്തിന് മാത്രമേ ബില്ല് നല്‍കിയിട്ടുള്ളൂവെന്നും ഉത്തരവാദിയായ മീറ്റര്‍ റീഡറെ പിരിച്ചു വിട്ടുവെന്നും ധരിപ്പിച്ച കെ.എസ്.ഇ.ബി അധികൃതര്‍ തുക കുറയ്ക്കാന്‍ തയ്യാറാകാതെ ബില്ലടയ്ക്കാന്‍ സാവകാശവും തവണയും മാത്രമാണ് അനുവദിച്ചത്.
ഇതിനും പുറമെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഭീമമായ ബില്ലുകളുടെ ഏകദേശം നാല്‍പ്പത് ലക്ഷത്തോളം രൂപയുടെ ഉത്തരവാദിത്വം ആരോപിച്ചു. സീനിയര്‍ സൂപ്രണ്ട്, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പടെ ഏഴ് ഉദ്യോഗസ്ഥരെ തൊടുപുഴ ഇലക്ര്ടിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ 2023 മെയ്, ജൂണ്‍ മാസങ്ങളിലായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇവരുള്‍പ്പടെ 12 ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി തുടരുകയുമാണ്.
കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞത് വിശ്വസിച്ച് പണമടച്ച ഉപഭോക്താക്കളെ അവര്‍ അക്ഷരാര്‍ഥത്തില്‍ വഞ്ചിക്കുകയായിരുന്നുവെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രമാതീതമായ മീറ്റര്‍ റീഡിങ് വ്യത്യാസത്തെത്തുടര്‍ന്ന് ഉപഭോക്താക്കളില്‍നിന്നും വന്‍തോതില്‍ പരാതി ഉയരുകയും നിരവധിയാളുകള്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് ഉപഭോഗം ഉയര്‍ന്ന തലത്തില്‍ രേഖപ്പെടുത്തിയ ഉപഭോക്തക്കളുടെ റീഡിങ് ഡാറ്റാ എ.പി.ടി.എസ് വിഭാഗം ഡൗണ്‍ലോഡ് ചെയ്തു. ഇതില്‍നിന്നും 2023 മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ മീറ്റര്‍ റീഡര്‍ രേഖപ്പെടുത്തിയ റീഡിങ്ങുകളെല്ലാം കൃത്രിമമാ യിരുന്നുവെന്നും യഥാര്‍ഥ റീഡിങ്, ബില്ലില്‍ കാണിച്ചതിനേക്കാള്‍ വളരെ കുറവായിരുന്നുവെന്നുമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാ നത്തില്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഏകദേശം അന്‍പതോളം ഉപഭോക്താക്കളുടെ ബില്ലുകള്‍ 2024 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായി പുതുക്കി നല്‍കി. ഇല്ലാത്ത ഉപഭോഗം അടിച്ചേല്‍പ്പിച്ച് നല്‍കിയ ബില്ലുകളില്‍ പുതിയ പരിശോധനാ പ്രകാരം യൂണിറ്റില്‍ കുറവ് വരുത്തിയെങ്കിലും തുകയില്‍ ആനുപാതികമായ കുറവ് വരുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.
30063 നമ്പറിലുള്ള ഉപഭോക്താവിന് 19.05.2023 ല്‍ 1406 യൂണിറ്റിന് 13,737 രൂപയുടെ ബില്ലാണ് നല്‍കിയത്. പുതിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ 307 യൂണിറ്റിന് 9133 രൂപയായി ആണ് പുതുക്കി നല്‍കിയിരിക്കുന്നത് .എന്നാല്‍ കെ.എസ്.ഇ.ബിയുടെ റെഡി റെക്കോനെര്‍ പ്രകാരം 307 യൂണിറ്റ് ദ്വൈമാസ ഉപഭോഗത്തിനു ഈടാക്കേണ്ട തുക 1625 രൂപ മാത്രമാണ്.
24579 നമ്പറിലുള്ള ഉപഭോക്താവിന് 24.05.2023 ല്‍ 2189 യൂണിറ്റിന് 21128 രൂപയുടെ ബില്ലാണ് നല്‍കിയിരുന്നത്. 13 .03 2023ലെ യഥാര്‍ത്ഥ ഉപഭോഗം 376 യൂണിറ്റ് എന്ന് കാണിച്ചു പുതുക്കി നല്‍കിയ തുക 15059 രൂപ. എന്നാല്‍ കെ.എസ്.ഇ.ബിയുടെ റെഡി റെക്കോനെര്‍ പ്രകാരം 376 യൂണിറ്റിന് വരുന്ന ചാര്‍ജ് വെറും 2147 രൂപ മാത്രം.
Post a Comment