Join News @ Iritty Whats App Group

ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് വലിയ തിരിച്ചടി ; രാഹുലിനും ഇന്‍ഡ്യാ സഖ്യത്തിനും വലിയ മുന്നേറ്റം


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തര്‍പ്രദേശ് ബിജെപിയ്ക്ക് വലിയ തിരിച്ചടി നല്‍കിയ സംസ്ഥാനമായി മാറുന്നു. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വലിയ കോട്ടയായി മാറിയിരുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യബ്‌ളോക്കിന് തകര്‍പ്പന്‍ മുന്നേറ്റം.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ 80 സീറ്റുകളില്‍ 62 എണ്ണവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ നേടിയിരുന്നു. ഇത്തവണ അത് 32 സീറ്റായി ചുരുങ്ങി. ഇന്‍ഡ്യാസഖ്യത്തിന്റെ നേട്ടം 47 ആയി ഉയരുകയും ചെയ്തു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി 62 സീറ്റുകളിലും കോണ്‍ഗ്രസ് 17 സീറ്റുകളിലുമാണ് ഇവിടെ മത്സരിക്കുന്നത്. ബിജെപി അതിന്റെ പഴയ സഖ്യകക്ഷിയായ അപ്നാ ദളില്‍ (സോനേലാല്‍) ഉറച്ചുനില്‍ക്കുകയും ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡിയെയും ഒപി രാജ്ഭറിന്റെ സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയെയും എന്‍ഡിഎ പാളയത്തിലേക്ക് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അവരുടെ കുടുംബ കോട്ടകളായ അമേഠിയും റായ്ബറേലിയും അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണ ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ട അമേഠിയില്‍ ഇത്തവണ സ്മൃതി ഇറാനി ഏറെ പിന്നിലാണ്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തയായ കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മ്മയെക്കാള്‍ ഏറെ പിന്നിലാണ് ഇറാനി.

റായ്ബറേലിയില്‍ രാഹുല്‍ 60,000 വോട്ടുകള്‍ക്ക് മുന്നിലാണ്. എക്സിറ്റ് പോളുകള്‍ നേരത്തെ ഉത്തര്‍പ്രദേശില്‍ എന്‍ഡിഎയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്നുവെങ്കിലും ഇന്ത്യന്‍ ബ്ലോക്ക് നേതാക്കള്‍ പ്രവചനങ്ങള്‍ തള്ളിയിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദില്‍ അടക്കമുള്ള മണ്ഡലത്തില്‍ പോലും ബിജെപി സ്ഥാനാര്‍ത്ഥി പിന്നില്‍ പോകുന്നതാണ് കാണുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group