Join News @ Iritty Whats App Group

കൊട്ടിയൂരിൽ ഇന്ന് തൃക്കലശാട്ട്; വൈശാഖ മഹോത്സവം ഇന്ന് സമാപിക്കും




കേളകം : അക്കരെ കൊട്ടിയൂരിൽ ഇന്നലെ അത്തം ചതുശ്ശതം വലിയവട്ടളം പായസം പെരുമാൾക്ക് നിവേദിച്ചു. തുടർന്ന് ആനകളുടെ അകമ്പടിയില്ലാതെ നടന്ന ഉച്ചശീവേലിയുടെ മദ്ധ്യത്തിൽ വാളാട്ടവും നടത്തി. ഭണ്ഡാരം എഴുന്നള്ലത്തിന് കൊണ്ടുവന്ന ചപ്പാരം ഭഗവതിയുടെ വാളുകളുമായി സ്ഥാനികർ തിരുവഞ്ചിറയിൽ ഇറങ്ങി നിന്ന് ദേവീദേവന്മാരുടെ ചൈതന്യം ഏറ്റുവാങ്ങുന്ന ചടങ്ങാണ് വാളാട്ടം. തുടർന്ന് കുടിപതികളുടെ തേങ്ങയേറ് ചടങ്ങും നടന്നു. രാത്രിയിൽ കലശ മണ്ഡപത്തിൽ കലശപൂജയും നടത്തി.


വൈശാഖ മഹോത്സവത്തിന് ഇന്ന് നടക്കുന്ന തൃക്കലശാട്ടോടെ സമാപനമാകും.രാവിലെ നടക്കുന്ന വാകചാർത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുന്നത്. തുടർന്ന് തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണയ്ക്കും. കലശാഭിഷേകത്തിന് മുൻപേ മുളന്തണ്ടുകളും ഞെട്ടിപ്പനയോലയും കൊണ്ട് നിർമിച്ച ശ്രീകോവിലിൻ്റെ തൂണുകൾ പിഴുതെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിക്കുന്നത്തോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങും. കലശമണ്ഡപത്തിൽ പൂജിച്ച് വെച്ച കളഭകുംഭങ്ങൾ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ലിച്ച് പ്രധാന തന്ത്രിമാരുടെ കാർമികത്വത്തിൽ സ്വയംഭൂവിൽ ആടും. 


മുഴുവൻ ബ്രാഹ്മണരും ചേർന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും നടക്കും.

പുഷ്പാഞ്ജലി കഴിഞ്ഞാൽ തീർത്ഥവും പ്രസാദവും നൽകുന്നതോടൊപ്പം ആടിയ കളഭവും നൽകും. തുടർന്ന് കൂത്തരങ്ങിൽ വെച്ച് ഭണ്ഡാരം തിരിച്ചെഴുള്ലത്തിനുള്ല ഏറ്റുവാങ്ങൽ നടത്തും. ഇതിനു ശേഷം അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തുകയും ആചാര്യൻമാരിൽ ഒരാൾ യാത്രാബലിയും നടത്തും.


യാത്രാബലിക്ക് മുൻപ് തന്ത്രിയും പരികർമിയും ഓച്ചറും പന്തക്കിടങ്ങാളും ഒഴികെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തിന് പുറത്ത് കടക്കും. മുതിരേരി ക്ഷേത്രത്തിലെ വാൾ തിരിച്ചെഴുന്നളിക്കും. ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ച് എഴുന്നളിക്കും.ദേവി, ദേവ വിഗ്രഹങ്ങൾ ഇക്കരെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നളിക്കുന്നതോടെ 27 ദിവസമായി നടന്നുവന്ന വൈശാഖ മഹോത്സവം സമാപിക്കും

Post a Comment

Previous Post Next Post
Join Our Whats App Group