Join News @ Iritty Whats App Group

മധുരം, പൂച്ചെണ്ടുകൾ, വാദ്യമേളങ്ങൾ; രാഹുൽ ഗാന്ധിയുടെ ജന്മദിനം ആഘോഷമാക്കി കോണ്‍ഗ്രസ് പ്രവർത്തകർ


ദില്ലി: രാഹുൽ ഗാന്ധിയുടെ പിറന്നാള്‍ വൻ ആഘോഷമാക്കുകയാണ് കോണ്‍ഗ്രസ് പ്രവർത്തകരും നേതാക്കളും. കേക്കും പൂക്കളും വാദ്യമേളങ്ങളുമായാണ് എ ഐ സി സി ആസ്ഥാനത്ത് പ്രവർത്തകർ രാഹുലിനെ വരവേറ്റത്. ആർപ്പുവിളികൾക്കിടെ പ്രവർത്തകരിലേക്ക് എത്തി രാഹുൽ ആശംസകള്‍ ഏറ്റുവാങ്ങി. രാഹുൽ താമസിക്കുന്ന 10 ജൻപഥിലും കൊടികളും അലങ്കാരങ്ങളുമായി കോണ്‍ഗ്രസ് പ്രവർത്തകരെത്തി. 

രാഹുൽ ഗാന്ധിയുടെ 54ആം പിറന്നാളാണ് ഇന്ന്. 1970 ജൂണ്‍ 19നാണ് ജനനം. സഹോദരി പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവർ രാഹുലിന് പിറന്നാള്‍ ആശംസകള്‍ നേർന്നു- "എപ്പോഴും എന്‍റെ സുഹൃത്ത്, സഹയാത്രികൻ, വഴികാട്ടി, തത്ത്വചിന്തകൻ, നേതാവ്. തിളങ്ങിക്കൊണ്ടേയിരിക്കൂ, സ്നേഹം" എന്നാണ് പ്രിയങ്ക കുറിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുലിനെ ജന്മദിനാശംസകൾ അറിയിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും അനുകമ്പയും രാഹുലിന്‍റെ സവിശേഷമായ ഗുണങ്ങളാണെന്ന് ഖാർഗെ കുറിച്ചു. നാനാത്വത്തിൽ ഏകത്വമെന്ന കോണ്‍ഗ്രസ് പാർട്ടി ഉയർത്തിപ്പിടിക്കുന്ന ധാർമികത രാഹുലിന്‍റെ എല്ലാ പ്രവൃത്തികളിലും ദൃശ്യമാണ്. എല്ലാവരുടെയും കണ്ണുനീർ തുടയ്ക്കാനുള്ള ദൗത്യം തുടരുന്ന രാഹുലിന് സുദീർഘവും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം ആശംസിക്കുന്നുവെന്നും ഖാർഗെ കുറിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും രാഹുലിന് പിറന്നാൾ ആശംസകള്‍ നേർന്നു. ജനങ്ങളോടുള്ള സമർപ്പണം നിങ്ങളെ വലിയ ഉയരങ്ങളിൽ എത്തിക്കും. തുടർച്ചയായ വിജയത്തിന്‍റേതാകട്ടെ ഈ വർഷമെന്ന് സ്റ്റാലിൻ ആശംസിച്ചു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസൻ, സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, എഐസിസി ജനറൽ സെക്രട്ടറി കെ സി വോണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാഹുലിന് ആശംസകള്‍ നേർന്നു.

Post a Comment

Previous Post Next Post
Join Our Whats App Group