കൊച്ചി: സ്കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് ഉണ്ടായിട്ടും സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് അമിത ഭാരം ചുമന്ന്.
സ്കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത് 2020 ഡിസംബറിലാണ്. സ്കൂള്‍ ബാഗുകള്‍ക്കായി “പോളിസി ഓണ്‍ സ്കൂള്‍ ബാഗ് 2020′ എന്ന നയമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി. കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകാവൂ.
രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2.2 കിലോ ആയിരിക്കണം.
ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്, ഏഴ് ക്ലാസുകളില്‍ സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം നാലു കിലോ ആക്കിയിരുന്നു. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്കൂള്‍ ബാഗിന് 4.5 കിലോ വരെ ഭാരം ആകാവൂ. 10 മുതല്‍ 12 വരെ ക്ലാസുകളില്‍ സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം അഞ്ച് കിലോ ആക്കുകയും ഉണ്ടായി.
പുസ്തകങ്ങള്‍ വിവിധ വാല്യങ്ങളാക്കുക, ചെറിയ ക്ലാസിലെ പുസ്തകങ്ങളും ബുക്കുകളും കഴിയുന്നതും സ്കൂളില്‍ സൂക്ഷിക്കുക, ഒന്നും രണ്ടും ക്ലാസുകളില്‍ ഹോംവര്‍ക്ക് ഒഴിവാക്കുക, ഉച്ചഭക്ഷണവും വെള്ളവും സ്കൂളുകളില്‍ത്തന്നെ ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്.
സ്കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരേ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. സ്കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്കൂളില്‍ തന്നെ സൂക്ഷിച്ചുവയ്ക്കാന്‍ കുട്ടികള്‍ക്ക് സംവിധാനം ഒരുക്കി കൊടുക്കണമെന്ന് കോടതി അറിയിച്ചിരുന്നു.
എന്നാല്‍ ഉത്തരവിറങ്ങി വര്‍ഷം നാലു പിന്നിടുമ്പോഴും വിദ്യാര്‍ഥികള്‍ ചുമട്ടുകാരെ പോലെതന്നെയാണ് സ്കൂളുകളിലേക്ക് എത്തുന്നത്. സംസ്ഥാനത്ത് ചില പുസ്തകങ്ങള്‍ രണ്ടോ മൂന്നോ വാല്യങ്ങളാക്കി. ഓരോ വാല്യവും 60 പേജില്‍ നിജപ്പെടുത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും ബുക്കിലും പുസ്തകത്തിലും അതിന്റെ ഭാരമെത്രയെന്ന് അച്ചടിക്കണമെന്ന കേന്ദ്രനിര്‍ദേശവും സംസ്ഥാനത്ത് ഇതുവരെ പാലിക്കപ്പെട്ടില്ല.
കേരളത്തില്‍ 120 പേജുവരെയുള്ള വാല്യങ്ങളാണ് ഇക്കുറിയും വിതരണംചെയ്തിരിക്കുന്നത്. സ്കൂള്‍ ബാഗില്‍ സൗകര്യമില്ലാത്തതിനാല്‍ ഭക്ഷണവും വെള്ളവും വയ്ക്കാനായി പ്രത്യേക ബാഗുകളും വിദ്യാര്‍ഥികള്‍ കൊണ്ടുപോകുന്നുണ്ട്. ഭൂരിഭാഗം വിദ്യാര്‍ഥികളും അവര്‍ക്ക് അനുവദനീയമായതിലും 30 ശതമാനത്തിലധികം ഭാരമാണ് സ്കൂള്‍ ബാഗിലൂടെ വഹിക്കുന്നത്.
നട്ടെല്ലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു
സ്കൂള്‍ ബാഗിന്റെ അമിതഭാരം ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ബാഗുകളുടെ അമിതഭാരം നട്ടെല്ലിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ നട്ടെല്ലിന് പൂര്‍ണ വളര്‍ച്ചയെത്താത്തതുകൊണ്ട് നട്ടെല്ലിന് വളവ് ഉള്‍പ്പെടെയുള്ള ദീര്‍ഘമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകും. പേശീവേദന, തലവേദന എന്നിവയ്ക്കും കാരണമാകും
Post a Comment