ബംഗളൂരു: കൊലപാതകക്കേസില്‍ കന്നട സൂപ്പര്‍ താരം ദര്‍ശന്‍ തൂഗുദീപ(47) അറസ്‌റ്റില്‍. പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ച ആളെ കൊലപ്പെടുത്തിയതിനാണ് അറസ്‌റ്റ്. ഒരു ചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മൈസൂരിലെ ഫാം ഹൗസില്‍നിന്നു കസ്‌റ്റഡിയിലെടുത്ത ദര്‍ശനെ പോലീസ് ബംഗളൂരുവിലേക്കു കൊണ്ടുപോയി.
33 വയസുള്ള രേണുക സ്വാമി എന്നയാളാണു കൊല്ലപ്പെട്ടത്. ഫാര്‍മസി കമ്പനിയില്‍ ജോലി ചെയ്‌തിരുന്ന ഇയാളുടെ മൃതദേഹം കഴിഞ്ഞ 9 ന് ബംഗളൂരുവില്‍ കണ്ടെത്തിയിരുന്നു. ദര്‍ശന്റെ സഹപ്രവര്‍ത്തകയും പെണ്‍സുഹൃത്തുമായ പവിത്ര ഗൗഡയ്‌ക്ക് രേണുക സ്വാമി അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ആരോപണം.
കേസുമായി ബന്ധപ്പെട്ട് പവിത്ര ഗൗഡയെയും ചോദ്യം ചെയ്‌തതായി പോലീസ് പറഞ്ഞു. അവര്‍ പോലീസ് കസ്‌റ്റഡിയിലാണെന്നു സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ബംഗളൂരുവില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ചിത്രദുര്‍ഗയാണ് രേണുക സ്വാമിയുടെ സ്വദേശം. ഇയാള്‍ ദര്‍ശന്റെ കാമുകിക്ക് മോശമായ സന്ദേശങ്ങളയച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് ബംഗളൂരു പോലീസ് അറിയിച്ചു. രേണുക സ്വാമിയുടെ മൃതദേഹം തെരുവുനായ്‌ക്കള്‍ വലിച്ചിഴയ്‌ക്കുന്നതു കണ്ട പരിസരവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. മൃതദേഹത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സംശയമുള്ള ചിലരെ പോലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്‌തതിലൂടെയാണ് അന്വേഷണം ദര്‍ശനിലെത്തിയത്. ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളുടെ സഹായത്തോടെയാണു രേണുക സ്വാമിയെ ദര്‍ശന്‍ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. കൂടുതല്‍ വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
ആരാധകര്‍ ചലഞ്ചിങ് സ്‌റ്റാര്‍ എന്നു വിളിക്കുന്ന നടനാണു ദര്‍ശന്‍. 2002 ല്‍ 'മജസ്‌റ്റിക്' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് അനതാരു (2007), ക്രാന്തിവീര സങ്കൊല്ലി രായണ്ണ (2012), കാറ്റേര (2023) തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ടു. കൊലപാതകത്തില്‍ നടന്‍ നേരിട്ടു പങ്കാളിയാണോ അതോ ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ദര്‍ശനെ കൂടാതെ ഒമ്പതുപേര്‍ കൂടി കേസില്‍ അറസ്‌റ്റിലായിട്ടുണ്ട്.
അറസ്‌റ്റിനെത്തുടര്‍ന്ന് ബംഗളൂരു ആര്‍.ആര്‍. നഗറിലുള്ള ദര്‍ശന്റെ വസതിക്ക് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. കേസും ജയില്‍ വാസവും തൂഗുദീപയ്‌ക്കു പുത്തരിയല്ല. നേരത്തെ ഭാര്യ വിജയലക്ഷ്‌മി നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ ദര്‍ശന്‍ ദിവസങ്ങളോളം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ആരാധകരെ മര്‍ദിച്ചതിന്റെ പേരിലും അദ്ദേഹത്തിനെതിരേ പലതവണ കേസെടുത്തിട്ടുണ്ട്. പിന്നീട് കേസുകളില്‍നിന്നു മുക്‌തി നേടുകയായിരുന്നു.
Ads by Google
Post a Comment