തിരുവനന്തപുരം: സര്‍ക്കാരിനും സിദ്ധരാമയ്യയ്ക്കും തനിക്കുമെതിരേ കേരളത്തില്‍ വച്ച് എതിരാളികള്‍ ശത്രുസംഹാര യാഗം നടത്തിയെന്ന് ഡി.കെ.ശിവകുമാര്‍ നടത്തിയ പ്രസ്ഥാവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ്.
ഇങ്ങനെയൊരു കാര്യം കേരളത്തിൽ നടന്നിട്ടുണ്ടെങ്കിൽ അത് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും ഡികെ പറഞ്ഞ കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും കൊടിക്കുന്നിൽ പറഞ്ഞു. ആധികാരികതയില്ലാതെ ശിവകുമാർ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കന്യാകുമാരിയിൽ പ്രധാനമന്ത്രി മോദി നടത്തുന്ന ധ്യാനത്തെയും കൊടിക്കുന്നിൽ പരിഹസിച്ചു. മതേതര രാജ്യം എന്നത് വിസ്മരിച്ചാണ് മോദിയുടെ പ്രവർത്തനം. എങ്ങനെയും അധികാരം നിലനിർത്താനാണ് ധ്യാനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് വിശ്വസിക്കുന്നുണ്ടെന്നും കേരളത്തിൽ 20 ൽ 20 സീറ്റും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൃഗബലി ആരോപണം വിവാദമായപ്പോൾ പ്രസ്ഥാവനയിൽ നിന്ന് മലക്കം മറിഞ്ഞ് ശിവകുമാർ രംഗത്തെത്തി. താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുത്. രാജരാജേശ്വര ക്ഷേത്രത്തിൽ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. മൃഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും ശിവകുമാർ വ്യക്തമാക്കി.
യാഗത്തിന്റെ ഭാഗമായി 21 ആടുകള്‍, അഞ്ച് പോത്തുകള്‍, 21 കറുത്ത ആടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി കൊടുത്തെന്നുമാണ് ഡി.കെ പറഞ്ഞത്.
കർണാടക സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുവച്ചാണ് തനിക്കും സിദ്ധരാമയ്യക്കും എതിരായി യാഗം നടന്നത്. ആരാണ് ഇത് ചെയ്യിച്ചതെന്ന് തനിക്ക് നന്നായി അറിയാം.
യാഗത്തില്‍ പങ്കെടുത്തയാളാണ് തനിക്ക് രഹസ്യ വിവരം നല്‍കിയത്. കര്‍ണാടകയില്‍ നിന്നുള്ള ആളുകളാണ് പൂജയ്ക്ക് പിന്നില്‍. അത് അവരുടെ വിശ്വാസമാണ്. അവര്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്യട്ടെയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.താന്‍ ദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന ആളാണ്. തനിക്ക് ഇതൊന്നും ഏല്‍ക്കില്ലെന്നും ഡി.കെ പ്രതികരിച്ചു.
അതേസമയം 1968ല്‍ കേരളത്തില്‍ നിയമം മൂലം മൃഗബലി നിരോധിക്കപ്പെട്ടതാണ്. ഈ സാഹചര്യത്തിലാണ് അയല്‍സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി തന്നെ കേരളത്തില്‍ മൃഗബലി നടന്നെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Post a Comment