തൃശൂർ: കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ ഒന്നാംസ്ഥാനം നേടിയ തൃശൂർ സ്വദേശി കൃഷ്ണപ്രിയയ്ക്കു നൽകിയ വാഗ്ദാനം പാലിച്ച് മന്ത്രി ജെ. ചിഞ്ചുറാണി.
മത്സരത്തിനണിയാനുള്ള വേഷം വാങ്ങാൻ വീട്ടിലെ ഉപജീവനമാർഗമായ പശുവിനെ വിറ്റാണു കൃഷ്ണപ്രിയ മത്സരിച്ച് ഒന്നാംസ്ഥാനം നേടിയത്. ഇക്കാര്യമറിഞ്ഞ മന്ത്രി സമ്മാനവിതരണ വേദിയിൽവച്ചുതന്നെ കൃഷ്ണപ്രിയയ്ക്കു പശുവിനെ നൽകുമെന്നു പ്രഖ്യാപിച്ചിരുന്നു. തുടർന്നു വെറ്ററിനറി സർവകലാശാലയിൽനിന്ന് പശുവിനെ ഏർപ്പാടാക്കാൻ വൈസ് ചാൻസലറോടു നിർദേശിച്ചു.
തെരഞ്ഞെടുപ്പുചട്ടങ്ങൾ കാരണം നീണ്ടുപോയ ചടങ്ങ് മണ്ണുത്തിയിലെ യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിൽ നടന്നു. മാതാപിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ഫാം തൊഴിലാളികളെയും സാക്ഷിനിർത്തി കൃഷ്ണപ്രിയ ഫ്രീസ്വാൾ ഇനത്തിൽപ്പെട്ട സങ്കരയിനം കിടാരിയെ മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്ന് ഏറ്റുവാങ്ങി. യുവതലമുറയെ കാർഷികരംഗത്തേക്കു വരാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം കൈമാറ്റങ്ങളെന്നു മന്ത്രി പറഞ്ഞു.
കിടാരിക്കൊപ്പം അനിമൽ പാസ്പോർട്ടും സർവകലാശാല നൽകി. കിടാരിയുടെ ഉയരം, ഭാരം, ജനനത്തീയതി, പ്രതിരോധ കുത്തിവയ്പുകൾ, പിതൃത്വം, മാതൃത്വം, പ്രസവിക്കുന്ന തീയതി – ഇതൊക്കെ രേഖപ്പെടുത്തിയതാണ് പാസ്പോർട്ട്.
ഗർഭിണിയായ പശുവിനു ഗർഭകാലത്തു നൽകാനുള്ള തീറ്റയും ഒപ്പം സർവകലാശാലയുടെ മൃഗസംരക്ഷണസംബന്ധിയായ പുസ്തകങ്ങളും കൃഷ്ണപ്രിയയ്ക്കും കൃഷ്ണപ്രിയയുടെ സ്കൂളായ വരന്തരപ്പിള്ളി സിജെഎം സ്കൂൾ ലൈബ്രറിക്കും നൽകി.
യൂണിവേഴ്സിറ്റി ലൈവ്സ്റ്റോക്ക് ഫാമിൽ നടന്ന ചടങ്ങിൽ മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷനായി. സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. കെ.എസ്. അനിൽ, ഡയറക്ടർ ഓഫ് അക്കാദമിക് റിസർച്ച് ഡോ. സി. ലത, സംരംഭകത്വവിഭാഗം ഡയറക്ടർ ഡോ. ടി.എസ്. രാജീവ്, കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷൈൻ, വെറ്ററിനറി സർവകലാശാല രജിസ്ട്രാർ പ്രഫ. ഡോ. പി. സുധീർബാബു തുടങ്ങിയവർ പങ്കെടുത്തു.
Post a Comment