ജോധ്‌പൂര്‍: ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഇപ്പോള്‍ പലര്‍ക്കും വലിയ വെല്ലുവിളിയാണ്. വാഹനം അതിവേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയാത്തതായിരിക്കും ഇവി ഉപയോക്താക്കളെ വലയ്ക്കുന്ന ഒരു കാര്യം. യാത്ര ചെയ്യുമ്പോള്‍ പലയിടങ്ങളിലും ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കിട്ടാന്‍ പ്രയാസവുമാണ്. ഇതിന് പരിഹാരമാകുമോ ജോധ്‌പൂര്‍ ഐഐടി വികസിപ്പിച്ച സോളാര്‍ ചാര്‍ജിംഗ് സംവിധാനം. പുതിയ സാങ്കേതികവിദ്യ വൈകാതെ മാര്‍ക്കറ്റിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
സോളാര്‍ പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന പ്രത്യേക അഡാപ്റ്റര്‍ വികസിപ്പിച്ചു എന്നാണ് ഐഐടി ജോധ്‌പൂരിലെ ഗവേഷക സംഘം അവകാശപ്പെടുന്നത് എന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സോളാര്‍ പാനല്‍ ഉപയോഗിച്ച് ഇവികള്‍ ചാര്‍ജ് ചെയ്യാന്‍ ഉതകുന്ന ഈ അഡാപ്റ്ററിന് വെറും ആയിരം രൂപയില്‍ താഴെ മാത്രമേ വില വരൂ എന്ന് ഐഐടിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ഡിപാര്‍ട്‌മെന്‍റിലെ അസിസ്റ്റര്‍ പ്രൊഫസര്‍ നിഷാന്ത് കുമാര്‍ പറഞ്ഞു. 'ഇവികള്‍ വാങ്ങാന്‍ ആളുകള്‍ വലിയ താല്‍പര്യം കാണിക്കുകയും സര്‍ക്കാര്‍ അത് പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഡാപ്റ്ററിന്‍റെ ഒരറ്റം സോളാര്‍ പാനലിലും എതിര്‍ ഭാഗം വാഹനത്തിന്‍റെ ചാര്‍ജറിലുമാണ് കണക്ട് ചെയ്യുക. വാഹനം ആവശ്യപ്പെടുന്നതിന് അനുസരിച്ച് രണ്ട് വ്യത്യസ്ത രീതികളില്‍ ഊര്‍ജം നല്‍കാന്‍ ഈ അഡാപ്റ്ററിനാകും'- നിഷാന്ത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സോളാര്‍ പാനലില്‍ നിന്ന് നേരിട്ടുള്ള വൈദ്യുതി ഉപയോഗിച്ച് ഇവികള്‍ ചാര്‍ജ് ചെയ്യുക വലിയ വെല്ലുവിളിയാണ്. ഇത് പരിഹരിക്കാനാണ് പവര്‍ കണ്‍വേര്‍ട്ടര്‍ ഉപയോഗിക്കേണ്ടത്. നിലവില്‍ വാഹന കമ്പനികള്‍ നല്‍കുന്ന ചാര്‍ജറില്‍ സോളാര്‍ പാനലുകളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കാനാവില്ല. ഇത് പരിഹരിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഗവേഷണത്തിലാണ്. കൂടുതല്‍ മെച്ചപ്പെട്ട ചാര്‍ജിംഗ് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതാണ് വരും വര്‍ഷങ്ങളില്‍ ഇവി ഗവേഷകരുടെ മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്ന്. ഇവികള്‍ക്കായി റൂഫ്‌ടോപ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ ഇന്ത്യക്ക് പുറമെ അമേരിക്കയും കാനഡയും റഷ്യയും ഓസ്ട്രേലിയയും ആലോചനകളിലാണ്.
Post a Comment