കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍നിന്ന് ഇറങ്ങിയ കൊമ്ബനാണ് പുഴ മുറിച്ചുകടന്ന് റോഡുവഴി കൃഷിയിടങ്ങളില്‍ എത്തുന്നത്. പൊട്ടകുളം അപ്പച്ചൻ, ടി.ടി. ഖാലിദ്, അഷറഫ് മന്നത്ത്, ഹംസ കുന്നക്കാടൻ, സന്തോഷ് പൊട്ടകുളം, സായിദ് ആലത്തുടി, കൂരന്റകത്ത് മേമി എന്നിവരുടെ വീടിന് സമീപത്തും കൃഷിയിടത്തിലുമാണ് ആനയെത്തി ഭീതിവിതച്ചത്.
നാലുദിവസമായി ഇവിടെ എത്തുന്ന കൊമ്ബൻ പ്രദേശവാസികള്‍ക്ക് ഭീഷണിയാവുകയാണ്. വ്യാപകമായി വാഴകള്‍ നശിപ്പിക്കുന്ന കൊമ്ബൻ സമീപത്തെ പ്ലാവുകളില്‍നിന്ന് ചക്ക പറിച്ചുതിന്ന ശേഷമാണ് മടങ്ങിപ്പോകുന്നത്. 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് ഇതാദ്യമായാണ് ആനയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 12ഓടെ എത്തിയ ആന പുലർച്ചയോടെയാണ് മടങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിലാണ് നാലുദിവസമായി ഒറ്റയാൻ ഇറങ്ങുന്നത്. രാത്രിയാകുന്നതോടെ ജനങ്ങള്‍ ഭയം കാരണം വെളിയില്‍ ഇറങ്ങാതെ വീടുകളില്‍തന്നെ കഴിച്ചുകൂട്ടുകയാണ്. രാത്രി ജോലി കഴിഞ്ഞ് എത്തുന്നവരും പുലർച്ച ജോലിക്കു പോകുന്നവരും മതപഠനത്തിനായി പോകുന്ന കുട്ടികളുമടക്കമുള്ളവർ ഇതോടെ ഭീതിയിലാണ്. സ്ഥലത്തെത്തിയ പഞ്ചായത്തംഗം അഷറഫ് പാലിശ്ശേരി വിവരം വനം വകുപ്പിനെ അറിയിച്ചുവെങ്കിലും ആനയെ തുരത്താൻ പടക്കം വാങ്ങാൻ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പുഴയോട് ചേർന്ന് സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും കൃത്യമായി പരിപാലിക്കാൻ വനം വകുപ്പിന് കഴിയാതെ വന്നതോടെ വേലി തകർത്താണ് ആനകള്‍ കേരളത്തിലെ കൃഷിയിടത്തില്‍ പ്രവേശിക്കുന്നത്.
തകർന്ന വേലി അടിയന്തിരമായി പുനഃസ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Post a Comment