Join News @ Iritty Whats App Group

‘അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’; സുരേഷ് ഗോപി ഡൽഹിയിലേക്ക്, കേന്ദ്രമന്ത്രിയാകും


തൃശൂർ നിയുക്ത എംപി സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും. സുരേഷ് ഗോപിയും കുടുംബവും ഡൽഹിയിലേക്ക് തിരിച്ചു. മോദി നേരിട്ട് വിളിച്ചു, 12.30 ന് വസതിയിൽ എത്താൻ നിർദേശിച്ചുവെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’ എന്നും സുരേഷ് ഗോപി പറഞ്ഞു.

നാലു സിനിമകള്‍ ചെയ്യാനുണ്ട്. കാബിനറ്റ് മന്ത്രി ആയാല്‍ സിനിമകള്‍ മുടങ്ങുമെന്ന് സുരേഷ് ഗോപി നേരത്തെ ബിജെപി കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ മന്ത്രിയാകാന്‍ ബിജെപി നേതൃത്വം സമ്മര്‍ദം ചെലുത്തുക ആയിരുന്നു. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാ അം​ഗമെന്ന നിലയിൽ സുരേഷ് ​ഗോപി കേന്ദ്രമന്ത്രിസഭയിൽ വേണമെന്ന് കേന്ദ്ര നേതൃത്വമാണ് നിർദേശിച്ചത്. മോദിക്കൊപ്പം ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണമെന്ന് ദേശീയ നേതൃത്വം നിർദേശിക്കുകയായിരുന്നു. എന്നാൽ ചില ഇളവുകൾ തനിക്ക് അനുവദിക്കണമെന്നാണ് സുരേഷ് ഗോപി ആവശ്യപ്പെടുന്നതെന്നാണ് വിവരം.

മൂന്നാം മോദി സർക്കാർ വൈകിട്ട് 7.15നാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ 7 വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ പങ്കെടുക്കും. പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരണ തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും പങ്കെടുക്കും. കേരളത്തിൽ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്സഭാ സ്ഥാനാർഥികളും പങ്കെടുക്കും. വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിക്കും.

മന്ത്രിസഭാ രൂപീകരണത്തിൽ സഖ്യകക്ഷികളുമായി ബിജെപി നേതൃത്വം ചർച്ചകൾ പൂർത്തിയാക്കി. ടിഡിപിക്കും ജെഡിയുവിനും ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനം വീതവും ലഭിച്ചേക്കും. തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ, എച്ച്ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി, പ്രഫുൽ പട്ടേൽ, ചിരാഗ് പാസ്വാൻ തുടങ്ങി സഖ്യകക്ഷി നേതാക്കൾ മന്ത്രിമാരാകും. സത്യപ്രതിജ്ഞച്ചടങ്ങ് കണക്കിലെടുത്ത് ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group