തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാർ, പന്തളം സ്വദേശി ആകാശ് ശശിധരൻ, പുനലൂർ സ്വദേശി സാജൻ ജോർജ്ജ് എന്നിവരുടെ സംസ്കാരമാണ് ഇന്ന് പൂർത്തിയായത്. ദുരന്തത്തിൽ മരിച്ച തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മന്റെ സംസ്കാരം നാളെയാണ്. കോന്നി സ്വദേശി സജു വർഗീസ്, കീഴ്വായ്പ്പൂർ സ്വദേശി സിബിൻ എബ്രഹാം എന്നിവരുടെ സംസ്കാരം തിങ്കളാഴ്ചയും.
അടുത്ത മാസം നാട്ടില്‍ വരാനിരിക്കേ അന്ത്യം
രാവിലെ എട്ടുമണിയോടെയാണ് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്നും ലൂക്കോസിന്റെ ഭൗതികദേഹം വീട്ടിലെത്തിച്ചത്. അടുത്ത മാസം അവധിക്ക് നാട്ടിൽ വരാൻ തയ്യാറെടുത്ത ലൂക്കോസാണ് ചേതനയറ്റ് പ്രിയപ്പെട്ടവർക്ക് മുന്നിലെത്തിയത്. മൂന്നര മണിക്കൂറോളം നീണ്ട പൊതുദർശനത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരം അർപ്പിച്ചു. ശുശ്രൂഷാ ചടങ്ങുകൾക്ക് ശേഷം വിലാപയാത്രയായി ഭൗതികദേഹം പൂയപ്പള്ളി ഐപിസി സെമിത്തേരിയിൽ എത്തിച്ചു. ഉച്ചക്ക് 12.15 ഓടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.
25 വര്‍ഷത്തെ പ്രവാസ ജീവിതം
കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. മക്കളായ ആശ്വിൻ, ആദിഷ് എന്നിവർ ചിതയ്ക്ക് തീ കൊളുത്തി. രാവിലെ 8 മണി മുതൽ കുറുവയിലെ കരാറിനകം ബാങ്ക് പരിസരത്തായിരുന്നു പൊതുദർശനം. കുടുംബാംഗങ്ങൾക്ക് കാണാനായി പിന്നീട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്നായിരുന്നു സംസ്കാരച്ചടങ്ങുകൾ നടത്തിയത്. ഇന്നലെ രാത്രിയോടെയാണ് ഭൗതികശരീരം കണ്ണൂരെത്തിച്ചത്. മൃതദേഹം എകെജി ആശുപത്രിയിൽ സൂക്ഷിക്കുകയായിരുന്നു. കഴിഞ്ഞ 16 നായിരുന്നു അനീഷ് കുവൈറ്റിലേക്ക് തിരിച്ചുപോയത്. 25 വർഷക്കാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അപകടം.
കുടുംബത്തിന്‍റെ ഏക പ്രതീക്ഷയായിരുന്ന ആകാശ്
മുടിയൂർകോണത്തെ വീട്ടുവളപ്പിൽ ആയിരുന്നു പന്തളം സ്വദേശി ആകാശ് ശശിധരന്റെ സംസ്കാര ചടങ്ങുകൾ. പൊള്ളലേറ്റതിനാൽ ആകാശിൻ്റെ മുഖം പോലും ബന്ധുക്കൾക്ക് കാണാൻ കഴിയാത്ത ദുഃഖകരമായ സാഹചര്യമായിരുന്നു. പത്തരയോടെ മൃതദേഹം മുടിയൂർക്കോണത്തെ വീട്ടിലെത്തിച്ചു. അമ്മയും സഹോദരിയും അടക്കം ഉറ്റബന്ധുക്കൾക്ക് കാണുന്നതിനായി ആദ്യം വീടിനുള്ളിലേക്ക്. ഏക പ്രതീക്ഷയായിരുന്ന മകന്റെ ചലനമറ്റ ശരീരം കണ്ട് തളർന്നു പോയ അമ്മ ശോഭനകുമാരിയെ ആശ്വസിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കൾ.
പൊള്ളൽ ഏറ്റതിനാൽ മൊബൈൽ മോർച്ചറിയിൽ ആയിരുന്നു പൊതുദർശനം. മുഖം മറച്ചിരുന്നതിനാൽ അവസാനമായി ആകാശിന്റെ മുഖം പോലും കാണാൻ കുടുംബത്തിന് കഴിഞ്ഞില്ല. പൊതുദർശനത്തിനുശേഷം നീണ്ടകാലത്തെ ആഗ്രഹത്തിനുശേഷം ആകാശ് നിർമ്മിച്ച വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിലേക്ക്. സഹോദരിയുടെ മകൻ അശ്വിൻ അന്ത്യകർമ്മങ്ങൾക്ക് ശേഷം ചിതയ്ക്ക് തീ കൊളുത്തി.
മന്ത്രി സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആൻ്റോ ആന്റണി എംപി തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും അടക്കം നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിച്ചു. ഒന്നരവർഷം മുമ്പ് നാട്ടിലെത്തിയപ്പോഴാണ് ആകാശ് വീട് പണിതീർത്തത്. ഓഗസ്റ്റ് മാസത്തിൽ നാട്ടിൽ എത്തുമ്പോൾ വിവാഹനിശ്ചയം അടക്കം നടത്താൻ ഒരുങ്ങിയിരിക്കുകയായിരുന്നു അമ്മ.
ആദ്യ ശമ്പളം വീട്ടിലേക്ക് അയച്ചിട്ട് ദിവസങ്ങള്‍ മാത്രം
പുനലൂർ സ്വദേശി സാജൻ ജോർജ്ജിന് പുനലൂർ ബേഥേൽ മാർത്തോമ്മ പള്ളിയിലെ കുടുംബക്കല്ലറയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്. സാജന്റെ ഏകസഹോദരി ആൻസി വിദേശത്ത് നിന്ന് എത്താനുള്ളത് കൊണ്ടായിരുന്നു സംസ്കാരച്ചടങ്ങ് ഇന്നത്തേക്ക് മാറ്റിവച്ചത്. രാവിലെ 10 മണിയോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. നൂറുകണക്കിന് നാട്ടുകാരാണ് സാജന് യാത്രാമൊഴി ചൊല്ലാനെത്തിയത്.
മന്ത്രി കെ.ബി.ഗണേഷ്കുമാറും എൻ.കെ.പ്രേമചന്ദ്രൻ എംപിയും പള്ളിയിൽ അന്തിമോപചാരം അർപ്പിച്ചു. ഒന്നരമാസം മുമ്പാണ് 29കാരനായ സാജൻ, അസി.പ്രൊഫസർ ജോലി ഉപേക്ഷിച്ച് കുവൈത്തിലേക്ക് പോയത്. ആദ്യ ശമ്പളം വീട്ടിലേക്ക് അയച്ചു ദിവസങ്ങൾക്കുളളിലാണ് ദുരന്തമുണ്ടായത്. മകന്റെ വിയോഗം താങ്ങാനാകാതെ തളർന്ന മാതാപിതാക്കൾ സങ്കടകാഴ്ചയായി മാറി.
Post a Comment