തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയിൽ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്മെന്‍റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്മെന്‍റ് കഴിയുമ്പോൾ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും വി ശിവൻകുട്ടി പറഞ്ഞു.
പ്ലസ് വണ്ണിലേക്ക് മൂന്ന് അലോട്ട്മെന്‍റുകളാണ് കഴിഞ്ഞത്. ജൂൺ മാസം 24ന് ക്ലാസുകൾ ആരംഭിക്കും. രണ്ട് അലോട്ട്മെന്‍റുകള്‍ കൂടി ഇനി ഉണ്ടാകും. ജൂലൈ മാസം രണ്ടിന് ഇതിനായി അപേക്ഷ ക്ഷണിക്കും. ആകെ 4,21,661 പേർ പ്ലസ് വണ്ണിലേക്ക് അപേക്ഷിച്ചു. 2,68,192 പേർക്ക് മെറിറ്റിൽ അഡ്മിഷൻ ലഭിച്ചു. 18,850 കമ്മ്യൂണിറ്റി കോട്ട, 15474 മാനേജ്മെന്‍റ് ക്വാട്ട, 9049 അണ്‍ എയ്ഡഡ്, 4336 സ്പോർട്ട് ക്വാട്ട, 868 മോഡൽ പ്രസിഡൻഷ്യൽ സ്കൂൾ എന്നിങ്ങനെയും അഡ്മിഷനായി. ആകെ 3,16,669 സീറ്റുകളിൽ അഡ്മിഷൻ നൽകി കഴിഞ്ഞു.
77,997 പേർ അലോട്ട്മെന്‍റ് നൽകിയിട്ടും അഡ്മിഷൻ എടുക്കാത്തവരാണ്. മലപ്പുറം ജില്ലയിൽ ഇതുവരെ 49,906 സീറ്റുകളിൽ പ്രവേശനം നൽകിയിട്ടുണ്ട്. അലോട്ട്മെന്‍റ് ലഭിച്ചിട്ടും അഡ്മിഷൻ നേടാത്തവരുടെ എണ്ണം 10,897 ആണ്. മെറിറ്റിൽ ഇനി 5745 സീറ്റുകളുടെ ഒഴിവാണുള്ളത്. കമ്മ്യൂണിറ്റി കോട്ട 3759, മാനേജമെന്റ് ക്വാട്ട 50091, അണ്‍ എയ്ഡഡ് 10467 എന്നിങ്ങനെയും ഒഴിവുകളുണ്ട്.
മലപ്പുറത്ത് ആകെ 21,550 സീറ്റുകളുടെ ഒഴിവാണ് ഇനി ബാക്കിയുള്ളത്. അണ്‍ എയ്ഡഡ് ഒഴിവാക്കിയാല്‍ തന്നെ 11,083 സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. മലപ്പുറത്ത് ഇനി പ്രവേശനം ലഭിക്കാനുള്ളത് 14037 പേര്‍ക്ക് മാത്രമാണ്. 2954 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളതെന്ന് മന്ത്രി പറഞ്ഞു. രണ്ട് അലോട്ട്മെന്‍റുകള്‍ കൂടി കഴിയുമ്പോൾ കുറച്ചു കുട്ടികൾക്കു കൂടി അഡ്മിഷൻ ലഭിക്കും. വിഎച്ച്എസ്‍സി, അണ്‍ എയ്ഡഡ് പ്ലസ് ടു, മറ്റ് കോഴ്‌സുകൾ എന്നിവ തിരഞ്ഞെടുക്കാൻ താത്പര്യമുള്ളവര്‍ക്ക് അതിനും അവരമുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു.
Post a Comment