ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീറ്റ് പരീക്ഷയിൽ 24 ലക്ഷം കുട്ടികളുടെ സ്വപ്നം തകർത്തെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരേ പരീക്ഷ കേന്ദ്രത്തിലെ ആറ് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചു.
സാങ്കേതികമായി ഒരിക്കലും സാധ്യമല്ലാത്ത രീതിയിൽ ചില വിദ്യാർഥികൾക്ക് മാർക്ക് ലഭിച്ചു. കൂടാതെ ചോദ്യപേപ്പർ ചോർച്ച സർക്കാർ നിരന്തരമായി നിഷേധിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പാർലമെന്റിൽ ഈ വിദ്യാർഥികൾക്കുവേണ്ടി ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
1563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതടക്കമുള്ള നീറ്റ് റാങ്ക് ലിസ്റ്റിലെ അപാകതകൾ പരിശോധിക്കാൻ നാലംഗ സമിതിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരുടെ റിപ്പോർട്ട് ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ശനിയാഴ്ച അറിയിച്ചിരുന്നു.
പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്, മഹാരാഷ്ട്ര സർക്കാരുകൾ രംഗത്തു വന്നിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി സഞ്ജയ് കുമാറിന് കഴിഞ്ഞ ദിവസം കത്തുനൽകി.
ആരോപണത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോണ്ഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, കനയ്യ കുമാർ എന്നിവർ ആവശ്യപ്പെട്ടിരുന്നു. നീറ്റ് വിഷയത്തിൽ കൃത്യമായ നടപടി ആവശ്യപ്പെട്ട് കോണ്ഗ്രസ് വിദ്യാർഥി സംഘടനയായ എൻഎസ്യു പ്രതിഷേധം കടുപ്പിച്ചു. ഡൽഹി, ജയ്പുർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ എൻഎസ്യു ഞായറാഴ്ച പ്രതിഷേധിച്ചു. രാജസ്ഥാനിലെ കോട്ടയിൽ എസ്എഫ്ഐ പ്രതിഷേധിച്ചു.
Post a Comment