കണ്ണൂര്‍: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍ വോട്ട് ചെയ്യുന്നതിന് ഒരുക്കിയ "വീട്ടില്‍ വോട്ട്' സംവിധാനത്തില്‍ വന്‍ ക്രമക്കേടെന്ന് പരാതി.
ഉദ്യോഗസ്ഥ അനാസ്ഥയും രാഷ്‌ട്രീയ ചായ്‌വും മൂലം ജില്ലയില്‍ മാത്രം 2316 വീട്ടില്‍ വോട്ടുകളാണ് അസാധുവായതെന്ന് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനതലത്തില്‍ ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി സംശയിക്കുന്നതായി യുഡിഎഫ് പരാതിയുമായി രംഗത്തെത്തി. കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസ് അടക്കമുള്ള നടപടി ആവശ്യപ്പെട്ട് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍റെ കൗണ്ടിംഗ് ഏജന്‍റ് അഡ്വ. ഇ.ആര്‍. വിനോദ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു.
85 വയസ് കഴിഞ്ഞവര്‍ക്കും 40 ശതമാനത്തിലേറെ അംഗപരിമിതിയുള്ളവര്‍ക്കുമാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ കോവിഡ് കാലത്ത് വീട്ടില്‍ വോട്ട് സംവിധാനം നടപ്പാക്കിയത്. പോലീസ്, മൈക്രോ ഒബ്‌സര്‍വര്‍, വിഡിയോഗ്രാഫര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് വീട്ടിലെത്തി വോട്ടു രേഖപ്പെടുത്തുക. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തരത്തില്‍ 17386 വോട്ടുകളാണ് രേഖപ്പെടുത്തിയത്.
അതിലാണ് 2316 വോട്ടുകള്‍ അസാധുവായത്. പോസ്റ്റല്‍ ബാലറ്റിനൊപ്പമുള്ള ഡിക്ലറേഷന്‍ ഫോമില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍റെ ഒപ്പും വോട്ടറുടെ ഒപ്പോ വിരലടയാളമോ നിര്‍ബന്ധമാണ്. ഒപ്പിട്ടെന്ന് ഉറപ്പുവരുത്തേണ്ടത് പോളിംഗ് ഉദ്യോഗസ്ഥരും. ഒപ്പോ വിരലടയാളമോ ഇല്ലാത്തതിനാലാണ് ഇത്രയും വോട്ടുകള്‍ അസാധുവായത്. സിപിഎം അനുഭാവികളായ ഉദ്യോഗസ്ഥരുടെ രാഷ്‌ട്രീയ ചായ്‌വ് കാരണമാണ് ഒപ്പിടാതെ ഇത്രയേറെ പോസ്റ്റല്‍ വോട്ടുകള്‍ അസാധുവായതെന്നാണ് യുഡിഎഫ് ആരോപണം.
Post a Comment